National

‘ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ പരിശോധിക്കാനാവില്ല’; പോക്സോ കേസ് പ്രതിക്ക് ജാമ്യം നൽകി കോടതി

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുമ്പോൾ ആധാർ കാർഡ് പരിശോധിക്കാനാവില്ലെന്ന് ഡൽഹി ഹൈക്കോടതി. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു മുൻപ് ജനനത്തീയതി പരിശോധിക്കേണ്ടതില്ല എന്നും കോടതി നിരീക്ഷിച്ചു. പ്രായപൂർത്തിയാവാത്ത പെൺകുട്ടിയെ ബലാത്സംഗം ചെയ്ത കേസിലെ പ്രതിക്കു ജാമ്യം നൽകിക്കൊണ്ടാണ് കോടതിയുടെ നിരീക്ഷണം.

ലൈംഗിക ബന്ധത്തിൽ ഏർപ്പെടുന്നതിനു മുൻപ് പങ്കാളിയുടെ ആധാർ കാർഡോ പാൻ കാർഡോ സ്‌കൂൾ സർട്ടിഫിക്കറ്റോ നോക്കി പ്രായം പരിശോധിക്കാനാവില്ല എന്ന് കോടതി പറഞ്ഞു. അതിന്റെ ആവശ്യവുമില്ല. പരസ്പര സമ്മതത്തോടെയുള്ള ലൈംഗിക ബന്ധത്തിനു ശേഷം ഭീഷണിപ്പെടുത്തി പണം തട്ടുന്ന കേസാണോ ഇതെന്ന് സംശയമുണ്ട്. പരാതിക്കാരിക്ക് പല രേഖകളിൽ പല ജനനത്തീയതിയാണ്. തെറ്റായ ജനനതീയതി കാണിച്ച് തന്നെ കേസിൽ കുടുക്കാനുള്ള നീക്കമാണിതെന്ന പ്രതിയുടെ സംശയം ന്യായമാണ്. ആധാർ കാർഡിൽ 01.01.1998 ആണ് പരാതിക്കാരിയുടെ ജനന തീയതി. അതുകൊണ്ട് തന്നെ സംഭവം നടക്കുമ്പോൾ പരാതിക്കാരിക്ക് പ്രായപൂർത്തിയായിട്ടുണ്ട്. ഇവരുടെ അക്കൗണ്ടിലേക്ക് വലിയ തോതിൽ പണം വന്നിട്ടുണ്ട്. ഇത് ഹണി ട്രാപ്പ് കേസാണോ എന്ന് അന്വേഷിക്കണം. വ്യത്യസ്തമായ ജനനത്തീയതികളും അക്കൗണ്ടിലേക്കെത്തിയ പണവും അന്വേഷിക്കാൻ കോടതി പൊലീസ് കമ്മീഷണർക്ക് നിർദ്ദേശം നൽകി. വേറെ ആർക്കെങ്കിലും എതിരെ ഇവർ ഇത്തരത്തിൽ ആരോപണം ഉന്നയിച്ചിട്ടുണ്ടോ എന്ന് കണ്ടെത്തണമെന്നും കോടതി പറഞ്ഞു.

പ്രതിക്ക് 20,000 രുപയുടെ ബോണ്ടിൽ ജാമ്യം നൽകാനാണ് കോടതി നിർദേശം. കൃത്യമായ ഇടവേളയിൽ പൊലീസ് സ്റ്റേഷനിലെത്തി ഒപ്പിടണം. രാജ്യം വിടരുതെന്നും പാസ്‌പോർട്ട് കെട്ടിവയ്ക്കണമെന്നും കോടതി ജാമ്യ വ്യവസ്ഥകളിൽ പറഞ്ഞു.