ശിവഗിരി തീർത്ഥാടന നവതി ആഘോഷങ്ങളുടെ ആഗോളതല ഉദ്ഘാടനം ഇന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി നിർവഹിക്കും. ബ്രഹ്മവിദ്യാലയ സുവർണ ജൂബിലി ആഘോഷങ്ങൾക്കും ഇന്ന് തുടക്കമാകും. ദേശീയ അന്തർദേശീയ തലത്തിൽ ഒരു വർഷം നീളുന്ന പരിപാടികൾക്കാണ് ഇതോടെ
തുടക്കം കുറിക്കുന്നത്.
ലോക് കല്യാൺ മാർഗിൽ നടക്കുന്ന ചടങ്ങിൽ ഒരു വർഷം നീണ്ടുനിൽക്കുന്ന സംയുക്ത ആഘോഷങ്ങളുടെ ലോഗോ പ്രകാശനവും പ്രധാനമന്ത്രി നിർവഹിക്കും. ശിവഗിരി തീർത്ഥാടനവും ബ്രഹ്മവിദ്യാലയവും ആരംഭിച്ചത് സാമൂഹിക പരിഷ്‌കർത്താവ് ശ്രീനാരായണ ഗുരുവിന്റെ അനുഗ്രഹവും മാർഗനിർദേശവും കൊണ്ടാണ്.
ബ്രഹ്മവിദ്യാലയ ജൂബിലി, തീർത്ഥാടന നവതി ആഘോഷങ്ങളുടെ ഉദ്ഘാടന ചടങ്ങിൽ ശ്രീനാരായണ ധർമ്മസംഘം ട്രസ്റ്റ് പ്രസിഡന്റ് സ്വാമി സച്ചിദാനന്ദ, ജനറൽ സെക്രട്ടറി സ്വാമി ഋതംഭരാനന്ദ, ട്രഷറർ സ്വാമി ശാരദാനന്ദ, ബ്രഹ്മവിദ്യാലയ കനകജൂബിലി ആഘോഷക്കമ്മിറ്റി സെക്രട്ടറി സ്വാമി വിശാലാനന്ദ, ഗുരുധർമ്മ പ്രചരണസഭാ സെക്രട്ടറിയും തീർത്ഥാടന നവതി ആഘോഷക്കമ്മിറ്റി സെക്രട്ടറിയുമായ സ്വാമി ഗുരുപ്രസാദ് ഉൾപ്പെടെയുള്ളവർ ചടങ്ങിൽ പങ്കെടുക്കും.