‘ജീവജലത്തിന് ഒരു മണ്‍പാത്രം’ പദ്ധതിയുടെ അമരക്കാരന് എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ മന് കി ബാത്ത് പരിപാടിയില്‍ അഭിനന്ദിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. പക്ഷികള്‍ക്കും മൃഗങ്ങള്‍ക്കും ജീവജലം നല്‍കാനായി മണ്‍പാത്രങ്ങള്‍ സൗജന്യമായി വിതരണം ചെയ്യുന്ന നാരായണന്റെ പ്രവൃത്തി വിസ്മയിപ്പിക്കുന്നതാണെന്ന് പ്രധാനമന്ത്രി പറഞ്ഞു. രാജ്യം 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം നേടിയെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി വ്യക്തമാക്കി.
പ്രതിമാസ റേഡിയോ പരിപാടിയായ മന് കി ബാത്തിലാണ് ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയുടെ അമരക്കാരന് എറണാകുളം മുപ്പത്തടം സ്വദേശി നാരായണനെ പ്രധാനമന്ത്രി നരേന്ദ്രമോദി പ്രശംസകള്‍ കൊണ്ട് മൂടിയത്. വേനല്‍ക്കാലത്ത് പക്ഷിമൃഗാദികള്‍ക്ക് ജലം ലഭ്യമാകാത്ത സാഹചര്യമുണ്ടാകരുതെന്ന ഉദ്യേശത്തോടെയാണ് നാരായണന് ജലം നിറച്ചുവയ്ക്കാനുള്ള മണ്‍പാത്രങ്ങള്‍ വിതരണം ചെയ്യുന്നത്.
ജീവജലത്തിന് ഒരു മണ്‍പാത്രം പദ്ധതിയിലൂടെ വിതരണം ചെയ്യുന്ന മണ്‍പാത്രങ്ങളുടെ എണ്ണം ഒരു ലക്ഷം കടക്കാന്‍ പോകുകയാണ്. ഗാന്ധിജിയുടെ സബര്‍മതി ആശ്രമത്തിന് ഒരു ലക്ഷം മണ്‍പാത്രങ്ങളാണ് സംഭാവന ചെയ്യാന്‍ പോകുന്നത്. ഈ വേനല്‍ക്കാലത്ത് നാരായണന്റെ സേവന പ്രവൃത്തി രാജ്യത്തെ പ്രചോദിപ്പിക്കുന്നതാണെന്നും, മറ്റുള്ളവര്‍ക്ക് മാതൃകയാണെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു.
‘എന്തെന്നില്ലാത്ത സന്തോഷമാണ്. പ്രകീര്‍ത്തിച്ചത് മാത്രമല്ല, നമ്മുടെ ഈ പ്രവൃത്തിയുടെ എല്ലാ തലങ്ങളും പ്രധാനമന്ത്രി എടുത്തുപറഞ്ഞത് തന്നെ വലിയ കാര്യമാണ്. ഒരു ലക്ഷം മണ്‍പാത്രങ്ങളാണ് ഇതുവരെ വെള്ളം നല്‍കാനായി ഉപയോഗിച്ചത്. ഒരിക്കല്‍ ബസില്‍ പോകുമ്പോള്‍, വെള്ളം കിട്ടാണ്ട് ഒരു പക്ഷി നിലത്ത് നിന്ന് എഴുന്നേല്ക്കാന് പോലും കഴിയാതെ കിടക്കുന്നത് കണ്ടു, ആ കാഴ്ചയില്‍ നിന്നാണ് ഈ പ്രവൃത്തി തുടങ്ങുന്നത്’. മുപ്പത്തടം നാരായണന് ട്വന്റിഫോറിനോട് പറഞ്ഞു.
രാജ്യം 400 ബില്യണ്‍ ഡോളറിന്റെ കയറ്റുമതി ലക്ഷ്യം നേടിയതും പ്രധാനമന്ത്രി നരേന്ദ്രമോദി മന് കി ബാത്തില്‍ പരാമര്‍ശിച്ചു. ഇന്ത്യന്‍ നിര്‍മിത ഉത്പന്നങ്ങള്‍ക്ക് ലോകരാജ്യങ്ങളില്‍ ആവശ്യക്കാര്‍ ഏറുന്നുവെന്നാണ് ഇത് സൂചിപ്പിക്കുന്നത്. രാജ്യത്തെ 1.25 ലക്ഷം ചെറുകിട സംരംഭകര്‍ സര്‍ക്കാരിന് നേരിട്ട് ഉത്പന്നങ്ങള്‍ വില്‍ക്കുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.