National

മാതൃദിനത്തിൽ അമ്മയും മകനും ഒരേ വിമാനത്തിൽ സഹപ്രവർത്തകർ; മകന്റെ വാക്കുകൾക്ക് മുന്നിൽ കണ്ണ് നിറഞ്ഞ് അമ്മ, കയ്യടികളോടെ സ്വീകരിച്ച് യാത്രികർ…

ഇന്നലെ മാതൃദിനത്തിൽ ഇൻഡിഗോ എയർലൈൻസ് സാക്ഷ്യം വഹിച്ചത് അതുല്യമായ കുറച്ച് നിമിഷങ്ങൾക്കാണ്. കണ്ണ് നിറയ്ക്കുന്ന, ഹൃദയം നനയ്ക്കുന്ന കുറച്ച് സമയമാണ് ഓരോ യാത്രികനും സമ്മാനിച്ചത്. തന്റെ സഹപ്രവർത്തകയും അമ്മയുമായ യുവതിയ്ക്ക് ഇൻഡിഗോ കോ-പൈലറ്റ് മാതൃദിനാശംസകൾ നേരുകയായിരുന്നു. അമ്മയ്ക്ക് ഒരു പൂച്ചെണ്ട് നൽകി മകൻ യാത്രക്കാർക്ക് മുന്നിൽ നൽകിയ വികാരഭരിതമായ വാക്കുകൾക്ക് യാത്രികർ ഒന്നടങ്കം കയ്യടിച്ചു. ഇൻഡിഗോയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജിലാണ് ഇതിന്റെ വീഡിയോ പങ്കിട്ടത്.

ആഭ്യന്തര വിമാനക്കമ്പനിയായ ഇൻഡിഗോയുടെ ഫസ്റ്റ് ഓഫീസറായി നിയോഗിക്കപ്പെട്ടതാണ് അമൻ താക്കൂർ. കോ പൈലറ്റായുള്ള വിമാനത്തിലാണ് ഇങ്ങനെയൊരു നിമിഷം അമ്മയ്ക്കായി അമൻ സമ്മാനിച്ചത്. സാധാരണ ഒരു അനൗൺസ്‌മെന്റ് പോലെയാണ് അമൻ പ്രസംഗം ആരംഭിച്ചതെങ്കിലും അവസാനം യാത്രികരുടെ കയ്യടി മുഴുവൻ അമൻ സ്വന്തമാക്കി എന്നുവേണം പറയാൻ.

ആദ്യം തന്നെ എല്ലാവരെയും അഭിസംബോധന ചെയ്തു കൊണ്ട് തുടങ്ങിയ അമന്റെ വാക്കുകൾ ഇങ്ങനെയായിരുന്നു. ” ഞാൻ നിങ്ങളുടെ ഫസ്റ്റ് ഓഫീസർ അമൻ താക്കൂർ. ദയവായി കുറച്ച് സമയത്തേക്ക് ഞാൻ നിങ്ങളുടെ ശ്രദ്ധയെ എന്റെ വാക്കുകളിലേക്ക് ക്ഷണിക്കുന്നു. നമുക്കെല്ലാവർക്കും അറിയാവുന്നതുപോലെ, മാതൃദിനം വളരെ സവിശേഷമായ ദിവസമാണ്. നിങ്ങളുടെ എല്ലാ സ്‌നേഹവും ആദരവും നിങ്ങൾ നിങ്ങളുടെ അമ്മയ്ക്ക് പകർന്നു നൽകുമെന്ന് എനിക്ക് ഉറപ്പുണ്ട്. ഈ മാതൃദിനത്തിൽ എന്റെ അമ്മയോടും എല്ലാ സ്നേഹവും ആദരവും അർപ്പിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

എന്റെ ജീവിതത്തിൽ 24 വർഷമായി ഞാൻ അമ്മയോടൊപ്പം വിവിധ എയർലൈനുകളിലും ഇൻഡിഗോയിലും ഒരു യാത്രക്കാരനായി പറക്കുന്നു. എന്നാൽ ഇന്ന് എനിക്ക് വളരെ സവിശേഷമായ ഒരു ദിവസമാണ്. കാരണം ഞാൻ അമ്മയോടൊപ്പം ഈ ഫ്‌ളൈറ്റിൽ കോ പൈലറ്റായി യാത്ര ചെയ്യുകയാണ്. അമ്മെ.. നിങ്ങൾ എനിക്കായി ചെയ്ത എല്ലാത്തിനും നന്ദി. എനിക്കായി ഒപ്പമുണ്ടായിരുന്ന എല്ലാ നിമിഷങ്ങൾക്കും വളരെയധികം നന്ദി” അമൻ പറഞ്ഞു.

അമന്റെ വാക്കുകൾക്ക് യാത്രികർ മുഴുവൻ കയ്യടികൾ നൽകി സ്വീകരിച്ചു. സോഷ്യൽ മീഡിയയിലും നിരവധി കമന്റുകളാണ് ലഭിക്കുന്നത്.