National

തുടര്‍ച്ചയായ 12ആം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

ഒരു ലിറ്റർ പെട്രോളിന് 53 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയും ആണ് വര്‍ധിപ്പിച്ചത്.

തുടര്‍ച്ചയായ 12ആം ദിവസവും രാജ്യത്ത് ഇന്ധനവില വര്‍ധിപ്പിച്ചു. ഒരു ലിറ്റർ പെട്രോളിന് 53 പൈസയും ഒരു ലിറ്റർ ഡീസലിന് 60 പൈസയും ആണ് വര്‍ധിപ്പിച്ചത്. 12 ദിവസം കൊണ്ട് ഡീസലിന് 6 രൂപ 68 പൈസയും പെട്രോളിന് 6 രൂപ 53 പൈസയുമാണ് കൂടിയത്.

രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയില്‍ വില വര്‍ധിച്ചെന്ന കാരണം ചൂണ്ടിക്കാട്ടിയാണ് ഈ മാസം ഏഴ് മുതല്‍ വിലകൂട്ടിത്തുടങ്ങിയത്. ജൂൺ 6ന് അന്താരാഷ്ട്ര വിപണിയിൽ എണ്ണവില വീപ്പയ്‌ക്ക്‌ 42 ഡോളറായിരുന്നെങ്കിൽ ജൂൺ 12ന് 38 ഡോളറായി കുറഞ്ഞു. എന്നിട്ടും പെട്രോൾ, ഡീസൽ വിലയില്‍ കുറവുണ്ടായില്ല. മെയ് മാസത്തിൽ എണ്ണ വില 20തിലേക്ക് കൂപ്പുകുത്തിയപ്പോഴും രാജ്യത്ത് പെട്രോൾ ഡീസൽ വിലയിൽ കുറവുണ്ടായില്ല.

കോവിഡ് വ്യാപനവും ലോക്ക് ഡൌണും കാരണം പ്രതിസന്ധിയിലായ ജനങ്ങളുടെ നടുവൊടിക്കുകയാണ് ഇന്ധനവില വര്‍ധന. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.