National

തുടർച്ചയായ പത്താം ദിവസവും പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചു

പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്.

തുടർച്ചയായ പത്താം ദിവസവും ഇന്ധനവില കൂട്ടി. പെട്രോളിന് 47 പൈസയും ഡീസലിന് 54 പൈസയുമാണ് കൂട്ടിയത്. 10 ദിവസത്തിനിടയിൽ പെട്രോളിന് 5 രൂപ 47 പൈസയും ഡീസലിന് 5 രൂപ 49 പൈസയുമാണ് കൂടിയത്.

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിലിന് വില ഇടിയുമ്പോഴാണ് രാജ്യത്ത് ക്രമാതീതമായി വില വർധിക്കുന്നത്. ലോക്ക് ഡൗണിനെ തുടർന്ന് സാമ്പത്തിക ഞെരുക്കത്തിലൂടെ കടന്ന് പോകുമ്പോൾ ജനത്തിന്‍റെ നടുവൊടിക്കുന്ന രീതിയിലാണ് ഇന്ധന വിലയുടെ കുതിപ്പ്. ഇതോടെ കൊച്ചിയിൽ പെട്രോൾ വില 77 കടന്നു. 71 രൂപ 29 പൈസയാണ് കൊച്ചിയിലെ ഇന്നത്തെ ഡീസൽ വില.

പെട്രോൾ വില വർധന പിൻവലിക്കണമെന്ന് ആവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ കഴിഞ്ഞ ദിവസം കേന്ദ്രത്തിന് കത്തയച്ചിരുന്നു. ഇന്ധന വില തുടർച്ചയായി വർധിക്കുന്നതിനാൽ അവശ്യ സാധനങ്ങളുടെ ഉള്‍പ്പെടെ വില വര്‍ധിക്കുമെന്ന് ആശങ്കയുണ്ട്. ഈ രീതിയിൽ മുന്നോട്ട് പോയാൽ വരുന്ന മൂന്ന് മാസത്തിനുള്ളിൽ 80 മുതൽ 85 രൂപ വരെ പെട്രോൾ, ഡീസൽ നിരക്ക് എത്തുമെന്നാണ് വിദഗ്ധർ പറയുന്നത്.