National

പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തിന് നാളെ തുടക്കം; വനിത സംവരണ ബില്‍ 20ന്?

നാളെ ആരംഭിക്കുന്ന പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനത്തില്‍ വനിത സംവരണ ബില്‍ കൊണ്ടുവരണമെന്ന് പ്രതിപക്ഷം. വനിത സംവരണ ബില്ലിനെ പിന്തുണച്ച് ബിജെപി ഘടകക്ഷികള്‍ രംഗത്തെത്തി. ബില്ല് 20ന് പരിഗണിക്കാനാണ് സാധ്യത. നാളെ മുതല്‍ ഈ മാസം 22 വരെയാണ് പാര്‍ലമെന്റ് സമ്മേളനം.

സമ്മേളനത്തില്‍ ഭരണപക്ഷത്തിന്റെ അപ്രതീക്ഷിത നീക്കങ്ങളെ കരുതിയിരുന്ന് ചെറുക്കാനാണ് ഇന്ത്യ സഖ്യത്തിന്റെ തീരുമാനം. മുഖ്യതെരഞ്ഞെടുപ്പ് കമ്മീഷണറുടെയും, കമ്മീഷണര്‍മാരുടെയും നിയമനവുമായി ബന്ധപ്പെട്ട ബില്‍ ലോകസഭയില്‍ അവതരിപ്പിക്കാനിരിക്കെ ഇത്തരം വിഷയങ്ങളില്‍ നിയമ നിര്‍മ്മാണത്തിനുള്ള കേന്ദ്രനീക്കം നേരിടാനാണ് ഇന്ത്യാ സഖ്യത്തിന്റെ കൂട്ടായ നിലപാട്.

വിവാദ വിഷയങ്ങളില്‍ ബില്ലുകള്‍ എത്തിയാല്‍ പാര്‍ലമെന്ററി സമിതിയുടെ പരിശോധനയ്ക്ക് നിര്‍ദേശിക്കും. ഭരണപക്ഷം അതിന് വഴങ്ങിയില്ലെങ്കില്‍ സഭയ്ക്ക് അകത്തും പുറത്തും ശക്തമായ പ്രതിഷേധം സംഘടിപ്പിക്കാനാണ് പ്രതിപക്ഷത്തിന്റെ നീക്കം.പ്രത്യേക സമ്മേളനത്തിന്റെ ആദ്യ ദിനമായ നാളെ രാവിലെ ഇന്ത്യാ സഖ്യ നേതാക്കള്‍ യോഗം ചേര്‍ന്ന് സഭയ്ക്കുള്ളില്‍ സ്വീകരിക്കേണ്ട സമീപനത്തെ പറ്റി തീരുമാനമെടുക്കും. സഭ ബഹിഷ്‌കരിക്കുന്നത് ഗുണം ചെയ്‌തേക്കില്ല എന്ന വിലയിരുത്തലും ഇന്ത്യ സഖ്യത്തിനുണ്ട്. സഭ സമ്മേളിക്കുന്ന അഞ്ചു ദിവസവും രാജ്യം അഭിമുഖീകരിക്കുന്ന വിഷയങ്ങള്‍ ഭരണപക്ഷത്തിനെതിരെ ആയുധമാക്കാന്‍ ആണ് ഇന്ത്യ സഖ്യത്തിന്റെ നീക്കം.