National

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം. രാഷ്ട്രപതി ദ്രൗപതി മുര്‍മു ഇന്ന് പാര്‍ലമെന്റിന്റെ ഇരു സഭകളുടെയും സംയുക്ത സമ്മേളനത്തെ അഭിസംബോധന ചെയ്യും. രാഷ്ട്രപതിയുടെ പ്രസംഗത്തിനു ശേഷം സാമ്പത്തിക സര്‍വേ റിപ്പോര്‍ട്ട് അവതരിപ്പിക്കും. രാജ്യസുരക്ഷയുമായി ബന്ധപ്പെട്ട വിഷയമായതിനാല്‍ ചൈനീസ് സംഘര്‍ഷം ചര്‍ച്ച ചെയ്യാന്‍ ആകില്ലെന്നും അതിര്‍ത്തിയിലെ സാഹചര്യത്തില്‍ ആശങ്ക വേണ്ടെന്നും സര്‍ക്കാര്‍ സര്‍വ്വകക്ഷി യോഗത്തില്‍ അറിയിച്ചിരുന്നു.parliament budget session 2023 starts today

നാളെ ധനമന്ത്രി നിര്‍മ്മല സീതാരാമന്‍ ബജറ്റ് അവതരിപ്പിക്കും. 2024 ലോക്‌സഭാ തെരഞ്ഞെടുപ്പിന് മുമ്പായുള്ള അവസാന സമ്പൂര്‍ണ്ണ ബജറ്റ് ആണ് ഇത്തവണ അവതരിപ്പിക്കുന്നത്.

ബിബിസി ഡോക്യുമെന്ററി വിവാദം അടക്കമുള്ള വിഷയങ്ങളില്‍ ബജറ്റ് സമ്മേളനവും പ്രക്ഷുബ്ധമാകും. ഗവര്‍ണര്‍ – സര്‍ക്കാര്‍ ഏറ്റുമുട്ടലും ബിബിസി ഡോക്യുമെന്ററി വിവാദവും ബജറ്റ് സമ്മേളനത്തില്‍ ഉന്നയിക്കുമെന്ന് സര്‍വ്വകക്ഷിയോഗത്തില്‍ തന്നെ പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. കേന്ദ്ര നയങ്ങളില്‍ പ്രതിഷേധിച്ചു രാഷ്ട്രപതിയുടെ പ്രസംഗം ബഹിഷ്‌കരിക്കുമെന്ന് പ്രതിപക്ഷം വ്യക്തമാക്കിയിട്ടുണ്ട്. അതേ ബിബിസി ഡോക്യുമെന്ററി വിഷയം ആദ്യ ദിവസം തന്നെ ഉന്നയിക്കാനാണ് ഡിഎംകെയുടെ തീരുമാനം.

ഡോക്യുമെന്ററി വിവാദത്തോടൊപ്പം അദാനി വിഷയവും സഭയില്‍ ഉന്നയിക്കുമെന്ന് സിപിഐഎം വ്യക്തമാക്കിയിട്ടുണ്ട്. ഭാരത് ജോഡോ യാത്രയെ തുടര്‍ന്ന് സര്‍വകക്ഷി യോഗത്തില്‍ പങ്കെടുക്കാതിരുന്ന കോണ്ഗ്രസ് ഇന്ന് പാര്‍ലിമെന്ററി പാര്‍ട്ടി യോഗം ചേര്‍ന്ന് സഭയില്‍ സ്വീകരിക്കേണ്ട നയ സമീപനങ്ങള്‍ ചര്‍ച്ച ചെയ്യും.