National

ഇന്ധന വിലവര്‍ധന; ലോക്സഭയിലും രാജ്യസഭയിലും അടിയന്തര പ്രമേയത്തിന് നോട്ടീസ്

പാചക വാതക-ഇന്ധന വില വർധനവ് വീണ്ടും പാർലമെന്‍റില്‍ ഉന്നയിച്ച് പ്രതിപക്ഷം. പാർലമെന്റിന്റെ ഇരു സഭയിലും കോൺഗ്രസ് അടിയന്തരപ്രമേയ നോട്ടീസ് നല്‍കി. കെ മുരളീധരൻ ലോക്സഭയിൽ ചർച്ച ആവശ്യപ്പെട്ടപ്പോൾ ശക്തി സിംഗ് ഗോഹി രാജ്യസഭയില്‍ അടിയന്തരപ്രമേയ നോട്ടീസ് നൽകി. അതേസമയം വിഷയത്തിൽ ചർച്ച വേണമെന്ന് ഇന്നലെ പ്രതിപക്ഷം ആവശ്യപ്പെട്ടിരുന്നെങ്കിലും അത് തളളിയിരുന്നു.

ഗാർഹിക പാചക വാതകം, പെട്രോൾ, ഡീസൽ വിലവർധനയ്‌ക്കെതിരെ കോൺഗ്രസ് എംപിമാർ 10.15ന് മഹാത്മാഗാന്ധിയുടെ പ്രതിമയ്ക്ക് മുന്നിൽ പ്രകടനം നടത്തും. നാലര മാസത്തെ ഇടവേളയ്ക്ക് ശേഷമുള്ള ഇന്ധന വിലവർധനയ്‌ക്കെതിരെ പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധിച്ചതോടെ ചൊവ്വാഴ്ച പാർലമെന്റ് പ്രക്ഷുബ്‌ധമായി. ചര്‍ച്ച വേണമെന്ന ആവശ്യം സര്‍ക്കാര്‍ തള്ളിയതോടെ ലോക്സഭയില്‍ നിന്നും രാജ്യസഭയില്‍ നിന്നും പ്രതിപക്ഷം ഇറങ്ങിപോയി.

പാര്‍ലമെന്‍റിന് പുറത്തും പ്രതിഷേധമിരമ്പി. ചര്‍ച്ചയാവശ്യപ്പെട്ട് നല്‍കിയ നോട്ടീസ് തള്ളിയതോടെ കേരളത്തില്‍ നിന്നുള്ള പ്രതിപക്ഷ എംപിമാരടക്കം രാജ്യസഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. അതേസമയം ഇന്ന് പെട്രോളിന് 90 പൈസയുടെ വർധനവ് ഉണ്ടായി. ഡീസൽ വിലയിൽ 84 പൈസയും കൂടി. രണ്ട് ദിവസത്തിൽ പെട്രോളിന് കൂടിയത് ഒരു രൂപ 78 പൈസയും ഡീസലിന് കൂടിയത് 69 പൈസയുമാണ്. എണ്ണക്കമ്പനികള്‍ എല്ലാ ദിവസവും വില പുതുക്കി നിശ്ചയിക്കാന്‍ തുടങ്ങിയതോടെ വില വര്‍ധന ഇനി മിക്ക ദിവസവും ഉണ്ടാകാം.