ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി വ്യോമസേനയുടെ പ്രത്യേക വിമാനം C-17 ഗ്ലോബ്മാസ്റ്റർ റൊമാനിയയിലേക്ക് പുറപ്പെട്ടു. പുലർച്ചെ നാല് മണിയോടെ ഹിൻഡൻ സൈനികത്താവളത്തിൽ നിന്നാണ് വിമാനം പുറപ്പെട്ടത്. (operation ganga rescue romania)
യുക്രൈനിൽ നിന്നുള്ള രക്ഷാദൗത്യം കേന്ദ്ര സർക്കാർ ഊർജിതമാക്കിയതോടെ ഡൽഹിയിൽ ഇന്ന് 7 വിമാനങ്ങൾ എത്തും. 218 ഇന്ത്യക്കാരുമായി പോളണ്ടിൽ നിന്നുള്ള ആദ്യ വിമാനവും ഇന്ന് ഡൽഹിയിൽ എത്തും. ഇതുവരെ ഓപ്പറേഷൻ ഗംഗയുടെ ഭാഗമായി 10 പ്രത്യേക വിമാനങ്ങളിൽ 2,261 ഇന്ത്യയിൽ തിരികെ എത്തിച്ചു. അതേസമയം യുദ്ധം തുടരുന്ന ഖാർക്കീവിൽ നിന്നുള്ള ഒഴിപ്പിക്കൽ നടപടികൾക്കായുള്ള പദ്ധതികളും ഊർജ്ജിതമാക്കിയതായി വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.
ഇന്നലെ യുക്രൈനിൽനിന്ന് 53 മലയാളി വിദ്യാർഥികൾകൂടി രാജ്യത്തേക്കു മടങ്ങിയെത്തി. ന്യൂഡൽഹി വിമാനത്താവളം വഴി 47 പേരും മുംബൈ വിമാനത്താവളം വഴി ആറു പേരുമാണ് ഇന്ന് എത്തിയത്. ഇതോടെ ‘ഓപ്പറേഷൻ ഗംഗ’ രക്ഷാദൗത്യം വഴി രാജ്യത്തു മടങ്ങിയെത്തിയ മലയാളി വിദ്യാർഥികളുടെ ആകെ എണ്ണം 184 ആയി.