വ്യോമസേനയിലേക്കുള്ള അഗ്നിപഥ് രജിസ്ട്രേഷന് ഇന്ന് തുടക്കം. ഓൺലൈനായാണ് രജിസ്‌ട്രേഷൻ നടക്കുക . രാവിലെ 10 മണിയോടെ അപേക്ഷകൾ നൽകിത്തുടങ്ങാം. agnipathvayu.cdac.in എന്ന വെബ്‌സൈറ്റ് വഴിയാണ് അപേക്ഷകൾ നൽകേണ്ടത്. ജൂലൈ അഞ്ച് വരെ അപേക്ഷകൾ നൽകാം. അന്തിമ നിയമന പട്ടിക ഡിസംബർ 11 ന് പുറത്തിറക്കും. ഇക്കൊല്ലം മൂവായിരം പേർക്കാണ് നിയമനം.
indianairforce.nic.in എന്ന വെബ്‌സൈറ്റിൽ വിജ്ഞാപനം സംബന്ധിച്ചുള്ള പൂർണ വിവരങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. നാവികസേനയിലേക്കുള്ള രജിസ്ട്രേഷൻ നടപടികൾ നാളയാണ് തുടങ്ങുക. അടുത്ത മാസം മുതലാണ് കരസേന രജിസ്ട്രേഷൻ.
അതേസമയം അഗ്നിപഥ് പദ്ധതിക്കെതിരെ ബീഹാറിൽ പ്രതിഷേധം പലയിടങ്ങളിലും തുടുരുകയാണ്. യുപി, ഹരിയാന സംസ്ഥാനങ്ങളിൽ ഇന്ന് പദ്ധതിക്കെതിരെ സംയുക്ത കിസാൻ മോർച്ച പ്രതിഷേധം നടത്തും.
ഒരു റാങ്ക് ഒരു പെൻഷന്‍ പദ്ധതിയിലൂടെ സൈനികരുടെ പെൻഷൻ തുക കുടിശ്ശിക അടക്കം നല്‍കാന്‍ കേന്ദ്ര സർക്കാര്‍ നീക്കം. അഗ്നിപഥ് പദ്ധതിക്കെതിരെ രാജ്യത്ത് പ്രതിഷേധം തുടരുന്ന സാഹചര്യത്തിലാണ് നടപടി. രണ്ടായിരം കോടി രൂപയാകും കുടിശികയിനത്തില്‍ സർക്കാരിന് നല്‍കേണ്ടി വരുക.
ഈ വര്‍ഷം മാർച്ചില്‍ സുപ്രീംകോടതി വണ്‍ റാങ്ക് വണ്‍ പെന്‍ഷനിലെ കേന്ദ്രസർക്കാരിന്‍റെ നയവും നടപ്പാക്കുന്ന രീതിയും ശരിവച്ചിരുന്നു. ഇന്ത്യന്‍ എക്സ്സ് സർവീസ് മൂവ്മെന്‍റ് നല്‍കിയ ഹർജി തള്ളിയായിരുന്നു കോടതി വിധി. ഇതിന്‍റെ അടിസ്ഥാനത്തില്‍ 2019 ജൂലൈ മുതല്‍ മുന്‍കാല പ്രാബല്യത്തോടെയാകും പെന്‍ഷന്‍ നല്‍കുക. അഗ്നിപഥ് പ്രതിഷേധം തുടരുന്ന സാഹചര്യത്തില്‍ വരും ദിവസങ്ങളില്‍ തന്നെ സർതക്കാര്‍ തീരുമാനം പ്രഖ്യാപിക്കുമെന്നാണ് പുറത്ത് വരുന്ന വിവരം.