വൺ റാങ്ക് വൺ പെൻഷൻ പദ്ധതിയുമായി ബന്ധപ്പെട്ട കേന്ദ്രസർക്കാർ നയം ചോദ്യം ചെയ്ത് വിമുക്ത ഭടന്മാർ സമർപ്പിച്ച ഹർജികളിൽ സുപ്രിംകോടതി ഇന്ന് വിധി പറയും. ജസ്റ്റിസുമാരായ ഡിവൈ ചന്ദ്രചൂഡ്, സൂര്യ കാന്ത് എന്നിവരടങ്ങിയ ബെഞ്ചാണ് വിധി പറയുന്നത്. വിമുക്ത ഭടന്മാരുടെ ദേശീയ കൂട്ടായ്മയായ ഇന്ത്യൻ എക്സ്-സർവീസ്‌മെൻ മൂവ്മെന്റ് തുടങ്ങിയവരാണ് ഹർജിക്കാർ.
ഭഗത് സിംഗ് കോശിയാരി സമിതി ശുപാർശ ചെയ്ത വാർഷിക റിവിഷൻ നടപ്പാക്കണമെന്നാണ് വിമുക്ത ഭടന്മാരുടെ ആവശ്യം. നിലവിൽ അഞ്ച് വർഷത്തിലൊരിക്കൽ പെൻഷൻ പുനഃപരിശോധനയെന്ന കേന്ദ്രനയം റദ്ദാക്കണം. പെൻഷൻ പുനഃപരിശോധന അഞ്ച് വർഷത്തിലൊരിക്കൽ എന്നത് കുറച്ചാൽ വിമുക്ത ഭടന്മാരുടെ കഷ്ടപ്പാടുകൾക്ക് പരിഹാരമുണ്ടാകുമെന്ന് വാദം കേൾക്കവേ സുപ്രീംകോടതി നിരീക്ഷിച്ചിരുന്നു. എന്ത് തീരുമാനമെടുത്താലും സാമാന്യ യുക്തിയുടെ അടിസ്ഥാനത്തിലായിരിക്കുമെന്നും കോടതി വ്യക്തമാക്കിയിരുന്നു. അഞ്ച് വർഷം എന്ന കാലപരിധി ന്യായമുള്ളതാണെന്നും, സാമ്പത്തിക വിഷയങ്ങൾ പരിഗണിച്ചാണെന്നുമാണ് കേന്ദ്രസർക്കാർ നിലപാട്.