രാജ്യത്തെ കോടതികളിൽ കേസുകൾ കെട്ടിക്കിടക്കുന്നതിൽ എക്‌സിക്യൂട്ടീവിനും, ലെജിസ്ലേറ്റിവിനുമാണ് മുഖ്യപങ്കെന്ന വിമർശനവുമായി ചീഫ് ജസ്റ്റിസ് എൻ.വി. രമണ. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും, നിയമങ്ങളിലെ വ്യക്തതക്കുറവും കേസുകൾ കെട്ടിക്കിടക്കുന്നതിന് പ്രധാന കാരണമാണെന്ന് ചീഫ് ജസ്റ്റിസ് വിമർശിച്ചു. ജനാധിപത്യത്തിലെ ഓരോ തൂണിനും നൽകിയിട്ടുള്ള അധികാരങ്ങളുടെ ലക്ഷ്മണ രേഖയെ കുറിച്ച് ജഡ്ജിമാരെ ഓർമിപ്പിച്ചു. അതേസമയം, ജനങ്ങൾക്ക് ജുഡിഷ്യറിയോടുള്ള വിശ്വാസം വർധിപ്പിക്കാൻ കോടതികളിൽ പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇരുവരും.
സർക്കാരാണ് ഏറ്റവും വലിയ വ്യവഹാരിയെന്നും, 56 ശതമാനം കേസുകളും സർക്കാർ കക്ഷിയായിട്ടുള്ളതാണെന്നും ഓർമപ്പെടുത്തി കൊണ്ടാണ് ചീഫ് ജസ്റ്റിസ് എൻ.വി. രമണ വിമർശനമഴിച്ചു വിട്ടത്. ഉദ്യോഗസ്ഥ സംവിധാനത്തിന്റെ കെടുകാര്യസ്ഥതയും, നിയമങ്ങളിലെ വ്യക്തതക്കുറവും കാരണം രാജ്യത്തെ കോടതികളിൽ വൻതോതിൽ കേസുകൾ കെട്ടിക്കിടക്കുന്നു. പെൻഷനിലും സീനിയോറിറ്റിയിലും സർവീസ് നിയമങ്ങൾ കൃത്യമായി പാലിച്ചിരുന്നെങ്കിൽ ജീവനക്കാർക്ക് കോടതികളിലേക്ക് വരേണ്ട സാഹചര്യമുണ്ടാകില്ലായിരുന്നു. കേസുകൾ പൊലീസ് കൃത്യമായി അന്വേഷിച്ചിരുന്നെങ്കിൽ ഇരകൾക്കും കോടതികളെ സമീപിക്കേണ്ടി വരില്ലായിരുന്നു. കോടതികളിലെ അടിസ്ഥാന സൗകര്യങ്ങളുടെ പോരായ്മകൾ ചൂണ്ടിക്കാട്ടിയ ചീഫ് ജസ്റ്റിസ് എൻ.വി. രമണ, നാഷണൽ ജുഡീഷ്യൽ ഇൻഫ്രാ സ്‌ട്രെക്ചർ അതോറിറ്റി ഓഫ് ഇന്ത്യ രൂപീകരികരിക്കേണ്ടതിന്റെ ആവശ്യകതയും സൂചിപ്പിച്ചു.
ചീഫ് ജസ്റ്റിസിന്റെ വിമർശനങ്ങളോട് സമ്മേളനത്തിൽ പങ്കെടുത്ത പ്രധാനമന്ത്രി നരേന്ദ്രമോദി പ്രതികരിച്ചില്ല. രാജ്യത്തെ ജുഡീഷ്യൽ സംവിധാനം ശക്തിപ്പെടുത്താനുള്ള നിർദേശങ്ങൾ പ്രധാനമന്ത്രി മുന്നോട്ടുവച്ചു. നീതി ജനങ്ങൾക്ക് അവരുടെ ഭാഷയിൽ ലഭ്യമാക്കണം. സുപ്രീംകോടതിയിലും ഹൈക്കോടതികളിലും നടപടികൾ എല്ലാം ഇംഗ്ലീഷിലാണ്. നീതിയുടെ ലഭ്യമാകലിൽ ഭാഷ ഒരു തടസമായി നിൽക്കുന്നുവെന്നും, കോടതികളിൽ പ്രാദേശിക ഭാഷകൾ പ്രോത്സാഹിപ്പിക്കണമെന്നും പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞു. കാലഹരണപ്പെട്ട നിയമങ്ങൾ മാറ്റേണ്ട സമയമാണെന്നും കൂട്ടിച്ചേർത്തു.
ആറ് വർഷത്തെ ഇടവേളയ്ക്ക് ശേഷമാണ് മുഖ്യമന്ത്രിമാരുടെയും, ഹൈക്കോടതി ചീഫ് ജസ്റ്റിസുമാരുടെയും സംയുക്ത സമ്മേളനം സംഘടിപ്പിച്ചത്. ജുഡിഷ്യറിയിലെ ഒഴിവുകൾ, നിയമന ശുപാർശകളിൽ അതിവേഗ നടപടി സ്വീകരിക്കണമെന്ന ആവശ്യം, കൊവിഡ് സാഹചര്യത്തിൽ ആരംഭിച്ച ഓൺലൈൻ സംവിധാനങ്ങളുടെ ശക്തിപ്പെടുത്തൽ, ഐ.ടി അടിസ്ഥാന സൗകര്യ വികസനം തുടങ്ങിയവ സമ്മേളനത്തിൽ ചർച്ചയായി.