National

നബി വിരുദ്ധ പരാമർശം; നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് സുപ്രീം കോടതി

നബി വിരുദ്ധ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയെ രൂക്ഷ ഭാഷയിൽ വിമർശിച്ച് സുപ്രീംകോടതി. നൂപുർ ശർമ്മ രാജ്യത്തോട് മാപ്പുപറയണമെന്ന് കോടതി ആവശ്യപ്പെട്ടു. രാജ്യ സുരക്ഷയ്ക്ക് ഭീഷണിയാണ് നൂപുർ ശർമ്മ. വിവാദ പരാമർശം പിൻവലിക്കാൻ വൈകിയത് രാജ്യത്തിന് അപമാനമുണ്ടാക്കി. രാജ്യത്തുണ്ടായ അനിഷ്ട സംഭവങ്ങൾക്കെല്ലാം ഉത്തരവാദി നൂപുർ ശർമ്മയാണെന്നും ഉദയ്പൂർ കൊലപാതകത്തിന് കാരണമായത് ഇവരുടെ പരമാർശമാണെന്നും കോടതി വിലയിരുത്തി. തനിക്കെതിരായ കേസുകൾ ഒന്നിച്ച് ദില്ലിയിലേക്ക് മാറ്റണമെന്ന് ആവശ്യപ്പെട്ട് നൂപുർ ശർമ്മ സുപ്രീംകോടതിയെ സമീപിച്ചപ്പോഴായിരുന്നു കോടതിയുടെ രൂക്ഷഭാഷയിലുള്ള വിമര്‍ശനം.

തന്റെ ജീവന് ഭീഷണിയുണ്ടെന്ന് നൂപുർ ശർമ്മ വെളിപ്പെടുത്തിയിരുന്നു. നൂപുർ ശർമ്മയ്ക്കെതിരെ വിവിധ സംസ്ഥാനങ്ങള്‍ കേസ് രജിസ്റ്റര്‍ ചെയ്ത പശ്ചാത്തലത്തിലാണ് അവർ സുപ്രിംകോടതിയിൽ ഹര്‍ജിയുമായെത്തിയത്. ഹർജി പരിഗണിക്കാൻ മനസാക്ഷി അനുവദിക്കുന്നില്ലെന്നായിരുന്നു കോടതിയുടെ പരാമര്‍ശം. കോടതി പരിഗണനയിലുള്ള വിഷയം ടി വി ചാനലിൽ ചർച്ച ചെയ്തത് എന്തിനാണെന്ന് സുപ്രിംകോടതി ചോദിച്ചു. പൊലീസ് അന്വേഷണത്തെ വിമർശിച്ച കോടതി നൂപുറിൻ്റെ ഉന്നത ബന്ധങ്ങളും സ്വാധീനവും മൂലമാണ് അറസ്റ്റ് നടക്കാത്തതെന്നും പറഞ്ഞു.
ഹൈക്കോടതിയെ സമീപിക്കാന്‍ സുപ്രീംകോടതി നിര്‍ദ്ദേശിച്ചതിനെ തുടര്‍ന്ന് നൂപുർ ശർമ്മ ഹർജിയും പിൻവലിച്ചു.

നൂപുർ ശർമ്മയുടെ പരാമർശത്തെ തുടർന്നുണ്ടായ ഉദയ്‌പൂർ കൊലപാതകവുമായി ബന്ധപ്പെട്ട് ഏഴ് പൊലീസ് സ്റ്റേഷൻ അതിർത്തികളിൽ കർഫ്യൂ പ്രഖ്യാപിച്ചിരിക്കുകയാണ്. രാജസ്ഥാനിൽ ഇന്റർനെറ്റ് നിരോധനം തുടരുകയാണ്. തയ്യൽക്കാരനെ കൊലപ്പെടുത്തിയ സംഭവത്തിലെ രണ്ട് പ്രധാന പ്രതികൾക്ക് ഇസ്ലാമിക് സ്റ്റേറ്റുമായി ബന്ധമുണ്ടെന്ന് പൊലീസ് വെളിപ്പെടുത്തിയിരുന്നു. ജയ്പൂരിൽ മാർച്ച് 30ന് സ്ഫോടനം നടത്താനുള്ള ഗൂഢാലോചനയിലും ഇവർ പങ്കെടുത്തിട്ടുണ്ട്. പൊലീസ് വൃത്തങ്ങളെ ഉദ്ധരിച്ച് ഇന്ത്യ ടുഡേയാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്. പ്രവാചകൻ മുഹമ്മദിനെതിരെ വിവാ​ദ പരാമർശം നടത്തിയ ബിജെപി മുൻ വക്താവ് നൂപുർ ശർമ്മയ്ക്ക് അനുകൂലമായി പോസ്റ്റിട്ടതിന്റെ പേരിലാണ് തയ്യൽക്കാരനായ കനയ്യലാലിനെ വധിച്ചത്.

മുമ്പ് ടോങ്കിൽ നിന്ന് അറസ്റ്റിലായ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരൻ മുജീബുമായി ഈ കേസിലെ പ്രതി മുഹമ്മദ് റിയാസ് അക്താരിക്ക് ബന്ധമുണ്ട്. പാകിസ്ഥാൻ ആസ്ഥാനമായുള്ള ദവത്ത്-ഇ-ഇസ്ലാമി വഴിയാണ് ഇസ്ലാമിക് സ്റ്റേറ്റിന്റെ റിമോട്ട് സ്ലീപ്പർ ഓർഗനൈസേഷനായ അൽസുഫയുമായി ഇവർ ബന്ധം പുലർത്തിയിരുന്നത്. ഉദയ്പൂരിലെ അൽ-സുഫയുടെ തലവനാണ് കേസിലെ പ്രധാന പ്രതി മുഹമ്മദ് റിയാസ് അക്താരി.