ഭീകരവാദം നേരിടാൻ അഫ്ഗാനിസ്ഥാനെ സഹായിക്കണമെന്ന് ഇന്ത്യയുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവൽ. തീവ്രവാദ ഗ്രൂപ്പുകൾ സുരക്ഷയ്ക്കും സമാധാനത്തിനും ഭീഷണിയാണ്. എല്ലാ രാജ്യങ്ങളും അഫ്ഗാനെ സഹായിക്കണമെന്നും താജിക്കിസ്ഥാൻ തലസ്ഥാനമായ ദുഷാൻബെയിൽ നടന്ന നാലാമത്തെ പ്രാദേശിക സുരക്ഷാ സംഭാഷണത്തിൽ ഡോവൽ പറഞ്ഞു.
ഇന്ത്യ കാബൂളിന്റെ പ്രധാന പങ്കാളിയാണ്, ഭാവിയിലും ഇത് തുടരും. അഫ്ഗാൻ ജനതയുമായി ഇന്ത്യയ്ക്ക് നൂറ്റാണ്ടുകളുടെ ബന്ധമുണ്ടെന്നും, സാഹചര്യങ്ങൾ എന്തായാലും ഇന്ത്യയുടെ കാഴ്ചപ്പാട് മാറില്ലെന്നും ഡോവൽ കൂട്ടിച്ചേർത്തു. ദശകങ്ങളായി അഫ്ഗാനിൽ അടിസ്ഥാന സൗകര്യ വികസനം, കണക്റ്റിവിറ്റി, മാനുഷിക സഹായം എന്നിവയിൽ ഇന്ത്യ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുണ്ട്. അഫ്ഗാനുള്ള 50,000 മെട്രിക് ടൺ ഗോതമ്പിൽ 17,000 മെട്രിക് നൽകിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
5 ലക്ഷം ഡോസ് കൊവിഡ് വാക്സിൻ, 13 ടൺ അവശ്യ ജീവൻരക്ഷാ മരുന്നുകളും, ശൈത്യകാല വസ്ത്രങ്ങളും, 60 ദശലക്ഷം ഡോസ് പോളിയോ വാക്സിൻ എന്നിവ അഫ്ഗാന് നൽകിയിട്ടുണ്ട്. ഏതു സമൂഹത്തിന്റെയും ഭാവിക്ക് സ്ത്രീകളും യുവാക്കളും പ്രധാനമാണ്. അഫ്ഗാനിസ്ഥാനിൽ പെൺകുട്ടികൾക്ക് വിദ്യാഭ്യാസവും സ്ത്രീകൾക്കും യുവാക്കൾക്കും തൊഴിലും നൽകുന്നത് ഉൽപ്പാദനക്ഷമതയും വികസനവും ഉറപ്പാക്കുമെന്നും ഡോവൽ കൂട്ടിച്ചേർത്തു.
താജിക്കിസ്ഥാൻ, റഷ്യ, കസാക്കിസ്ഥാൻ, ഉസ്ബെക്കിസ്ഥാൻ, ഇറാൻ, കിർഗിസ്ഥാൻ, ചൈന എന്നീ രാജ്യങ്ങളുടെ ദേശീയ സുരക്ഷാ ഉപദേഷ്ടാക്കളും അഫ്ഗാനിസ്ഥാനെക്കുറിച്ചുള്ള നാലാമത് പ്രാദേശിക സുരക്ഷാ ചർച്ചയുടെ യോഗത്തിൽ പങ്കെടുത്തു.