താൻ മന്ത്രിയാകുമോയെന്ന് തീരുമാനിക്കേണ്ടത് ഹൈക്കമാന്‍ഡാണെന്നും കോണ്‍ഗ്രസില്‍ മതാടിസ്ഥാനത്തില്‍ മന്ത്രിപദം നല്‍കാറില്ലെന്നും കർണാടകയിൽ നിന്ന് മത്സരിച്ച് ജയിച്ച മലയാളിയായ യു.ടി ഖാദർ. ഒത്തൊരുമിച്ച് സര്‍ക്കാര്‍ മുന്നോട്ട് പോകും. 28 അംഗ മന്ത്രിസഭ വരുമെന്നാണ് വിവരം. എന്നാൽ ഇക്കാര്യങ്ങളെല്ലാം തീരുമാനിക്കേണ്ടത് ഹൈക്കമാൻഡാണെന്നും അദ്ദേഹം വ്യക്തമാക്കി.
മംഗളൂരു മണ്ഡലത്തില്‍ നിന്നാണ് കോണ്‍ഗ്രസിനായി യു.ടി ഖാദര്‍ വിജയക്കൊടി പാറിച്ചത്. 40361 വോട്ടുകളാണ് ഖാദര്‍ നേടിയത്. 17,745 ആണ് ഖാദറിന്റെ ഭൂരിപക്ഷം. അഞ്ചാം തവണയാണ് അദ്ദേഹം വിജയക്കൊടി പാറിക്കുന്നത്. മംഗളൂരു മണ്ഡലത്തിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥിക്ക് 24433 വോട്ടുകളാണ് നേടാനായത്. എസ്.ഡി.പി.ഐ ദേശീയ സെക്രട്ടറി റിയാസ് ഫറങ്കിപ്പേട്ട്, എ.എ.പിയുടെ മുഹമ്മദ് അഷ്‌റഫ് എന്നിവരായിരുന്നു മണ്ഡലത്തിലെ മറ്റു സ്ഥാനാര്‍ഥികള്‍.
കാസര്‍ഗോട് വേരുകളുള്ള യു.ടി. ഖാദര്‍ മുന്‍ മന്ത്രി കൂടിയാണ്.
കർണാടകയിലെ സിദ്ധരാമയ്യ മന്ത്രിസഭയുടെ സത്യപ്രതിജ്ഞാ ചടങ്ങിലേക്ക് സിപിഐഎം ദേശീയ ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയെയും സിപിഐ ജനറൽ സെക്രട്ടറി ഡി. രാജയെയും ക്ഷണിച്ചിട്ടുണ്ട്. എന്നാൽ കേരള മുഖ്യമന്ത്രി പിണറായി വിജയനെയും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിനെയും ചടങ്ങിന് ക്ഷണിച്ചിട്ടില്ല. പ്രതിപക്ഷ പാർട്ടികളുടെ സംഗമ വേദിയാക്കി സത്യപ്രതിജ്ഞാ ചടങ്ങിനെ മാറ്റാൻ കോൺഗ്രസ് തീരുമാനിച്ചതിന് പിന്നാലെ പിണറായിയും കെജ്രിവാളും ഒഴികെയുള്ള ബിജെപി ഇതര മുഖ്യമന്ത്രിമാരെയും നേതാക്കന്മാരെയും പരിപാടിയിലേക്ക് ക്ഷണിച്ചിട്ടുമുണ്ട്.
കോൺഗ്രസ് മുഖ്യമന്ത്രിമാർക്ക് പുറമെ ജാർഖണ്ഡ് മുഖ്യമന്ത്രി ഹേമന്ത് സോറൻ, തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ, തെലങ്കാന മുഖ്യമന്ത്രി കെ ചന്ദ്രശേഖർ റാവു, പശ്ചിമ ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി, ഒഡീഷ മുഖ്യമന്ത്രി നവീൻ പട്നായിക് എന്നിവർക്കാണ് ക്ഷണമുള്ളത്.
ഇതിന് പുറമേ എസ്പി അധ്യക്ഷൻ അഖിലേഷ് യാദവ്, എൻസിപി അധ്യക്ഷൻ ശരദ് പവാർ, മഹാരാഷ്ട്ര മുൻ മുഖ്യമന്ത്രി ഉദ്ധവ് താക്കറെ, ബിഹാർ ഉപമുഖ്യമന്ത്രി തേജസ്വി യാദവ്, നാഷണൽ കോൺഫറൻസ് മേധാവി ഫാറൂഖ് അബ്ദുള്ള, എന്നിവരെയും ക്ഷണിച്ചിട്ടുണ്ട്. നിയമസഭാ കക്ഷി യോഗത്തിന് ശേഷം സിദ്ധാരമയ്യയും ഡികെ ശിവകുമാറും ഗവർണറെ കണ്ട് മന്ത്രിസഭ രൂപീകരിക്കാനുള്ള അവകാശ വാദം ഉന്നയിക്കും.
നാടകീയ നീക്കങ്ങൾക്കും തർക്കങ്ങൾക്കും ഒടുവിലാണ് സിദ്ധരാമയ്യയെ കർണാടക മുഖ്യമന്ത്രിയായി ഔദ്യോഗികമായി കോൺഗ്രസ് പ്രഖ്യാപിച്ചത്. കെ സി വേണുഗോപാലും രൺദീപ് സിംഗ് സുർജേവാലയും ചേർന്നാണ് വാർത്താസമ്മേളനത്തിൽ മുഖ്യമന്ത്രിയായി സിദ്ധരാമയ്യയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്. ഏക ഉപമുഖ്യമന്ത്രിയായി ഡി കെ ശിവകുമാറിനെയും തീരുമാനിച്ചു.