എൻസിപി യുടെ സുപ്രധാന നേതൃയോഗം ഇന്ന്. ശരദ് പവാർ അദ്ധ്യക്ഷപദം ഒഴിഞ്ഞതിനുശേഷമുള്ള സാഹചര്യങ്ങൾ വിലയിരുത്തുകയും പുതിയ അദ്ധ്യക്ഷ തിരഞ്ഞെടുപ്പും ആണ് അജണ്ട. സുപ്രിയ സുലെ എൻസിപിയുടെ വർക്കിംഗ് പ്രസിഡന്റ് ആകാനണ് സാധ്യത. ശരദ് പവാർ അദ്ധ്യക്ഷ പദവിയിൽ നിന്ന് രാജി പിൻവലിയ്ക്കാൻ തയ്യാറാകാത്ത സാഹചര്യത്തിലാണ് എൻസിപി ഇക്കാര്യം പരിഗണിയ്ക്കുന്നത്. വ്യത്യസ്ത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടികൾക്ക് അജിത് പവാറിനോടുള്ള താത്പര്യം ഇല്ലായ്മ കൂടി പരിഗണിച്ചാണ് തിരുമാനം. (ncp meeting supriya sule)
അതേസമയം, സുപ്രിയ സുലെയെ വർക്കിംഗ് പ്രസിഡന്റ് ആക്കുന്നതിനൊടുള്ള തന്റെ വിയോജിപ്പ് അജിത് പവാർ ശരദ് പവാറിനെ അറിയിക്കും. മുംബൈയിലെ വൈ.ബി.ചവാൻ ഹാളിൽ ആണ് എൻ.സി.പി യോഗം നടക്കുക.
എൻസിപി യെ ഒപ്പം നിർത്താൻ ബി.ജെ.പി ശ്രമിച്ചിരുന്നെന്ന് ശരദ് പവാർ വെളിപ്പെടുത്തിയിരുന്നു. 2019 ൽ എൻസിപിയുമായി ചേർന്ന് മഹാരാഷ്ട്രയിൽ സർക്കാർ രൂപീകരിക്കാനായിരുന്നു ക്ഷണം. ആത്മകഥയുടെ പരിഷ്കരിച്ച പതിപ്പ് ‘ലോക് മഹ്ജെ സംഗതി’ യിലാണ് പവാറിന്റെ വെളിപ്പെടുത്തൽ. ബിജെപിയുമായി ചേർന്ന് സർക്കാരുണ്ടാക്കാൻ താത്പര്യമില്ലെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയോടു വ്യക്തമാക്കിയന്നും അദ്ദേഹം പറയുന്നു.
2015നു ശേഷമുണ്ടായ കാര്യങ്ങളാണ് ആത്മകഥയിൽ പ്രധാനമായും പങ്കുവയ്ക്കുന്നത്. എൻസിപിയിലെ ഒരു വിഭാഗം നേതാക്കൾ ബിജെപിയുമായി ചേർന്ന് സർക്കാർ രൂപീകരിക്കണമെന്ന് 2019ൽ ആവശ്യം ഉന്നയിച്ചിരുന്നെന്നും ആത്‌മകഥയിൽ പറയുന്നു.
എൻസിപിക്കുള്ളിൽ ആഭ്യന്തര ഭിന്നത നിലനിൽക്കുന്നതിനിടയിലാണ് മുംബൈയിലെ കൊമേഴ്ഷ്യൽ ഹാളിൽ നടന്ന പുസ്തക പ്രകാശന ചടങ്ങിൽ എൻസിപി അധ്യക്ഷസ്ഥാനം താൻ ഒഴിയുകയാണ് എന്ന് ശരദ് പവാർ വ്യക്തമാക്കിയത്. പ്രഖ്യാപന ഘട്ടത്തിൽ തന്നെ സദസ്സിലും വേദിയിലുമുണ്ടായിരുന്ന പാർട്ടി പ്രവർത്തകരും നേതാക്കളും ശരദ് പവാറിനെ സമീപിക്കുകയും തീരുമാനത്തിൽ നിന്ന് പിന്മാറണം എന്ന നിർദ്ദേശിച്ചു. തീരുമാനത്തിൽ നിന്ന് പിന്നോട്ട് പോകാൻ പവാറിന് മുന്നിൽ പാർട്ടി നേതാക്കളും സമ്മർദം ചെലുത്തുന്നുണ്ട്.
അധ്യക്ഷ സ്ഥാനമൊഴിയുമെങ്കിലും സജീവ രാഷ്ട്രീയത്തിൽ നിന്ന് പവാർ വിട്ടുനിൽക്കില്ല. പുതിയ അധ്യക്ഷ സ്ഥാനം ആർക്ക് നൽകണമെന്ന് തീരുമാനിക്കാൻ കമ്മിറ്റി രൂപീകരിക്കുമെന്നും പവാർ പറഞ്ഞു. സമിതിയിൽ സുപ്രിയ സുലെ, അജിത് പവാർ, പ്രഫുൽ പട്ടേൽ, ജയന്ത് പാട്ടീൽ, അനിൽ ദേശ്മുഖ്, രാജേഷ് ടോപെ, ഛഗൻ ഭുജ്ബൽ തുടങ്ങിയ മുതിർന്ന അംഗങ്ങൾ ഉണ്ടായിരിക്കണമെന്നും അദ്ദേഹം പറഞ്ഞു.