National

എല്ലാ മദ്രസകളിലും ദേശീയഗാനം ആലപിക്കുന്നത് നിര്‍ബന്ധമാക്കും

ഉത്തർ പ്രദേശിലെ എല്ലാ മദ്രസകളിലും ദേശീയഗാനം നിര്‍ബന്ധമായും ആലപിക്കണമെന്ന് നിർദേശം നൽകി സംസ്ഥാനത്തെ മദ്രസ ബോർഡ്. സാധാരണ​ഗതിയിൽ ക്ലാസുകള്‍ തുടങ്ങുന്നതിന്നു മുന്‍പ് മദ്രസകളില്‍ പ്രാര്‍ഥന ചൊല്ലാറുണ്ട്. ആ പ്രാര്‍ഥനയ്ക്കൊപ്പം ദേശീയഗാനം കൂടി ആലപിക്കണമെന്നാണ് യുപി മദ്രസബോര്‍ഡിന്റെ പുതിയ നിര്‍ദേശം. യുപി മദ്രസ ബോര്‍ഡ് അധ്യക്ഷന്‍ ഇഫ്റ്റഖര്‍ അഹമ്മദ് ജാവേദിന്റെ അധ്യക്ഷതയില്‍ യോ​ഗം ചേര്‍ന്നാണ് പുതിയ തീരുമാനങ്ങളെടുത്ത്. മദ്രസാ വിദ്യാര്‍ഥികളിൽ രാജ്യസ്നേഹം വളര്‍ത്തിയെടുക്കുന്നതിന്റെ ഭാ​ഗമായാണ് പുതിയ നിർദേശം.

സ്വാതന്ത്ര്യദിനത്തില്‍ ദേശീയഗാനം ആലപിക്കുന്നതും ദേശീയപതാക ഉയര്‍ത്തുന്നതും 2017 മുതല്‍ യുപിയിലെ മദ്രസകളില്‍ നിര്‍ബന്ധമാക്കിയിരുന്നു. ഇതിന് പുറമേ മദ്രസകളില്‍ സമഗ്രമാറ്റം വരുത്താനുതകുന്ന നിരവധി തീരുമാനങ്ങളാണ് ബോര്‍ഡ് കൈക്കൊണ്ടിട്ടുള്ളത്. എല്ലാ സ്‌കൂളുകളിലും മുടക്കമില്ലാതെ ദേശീയഗാനം ആലപിക്കുന്നുണ്ട്. രാജ്യത്തിന്റെ സംസ്‌ക്കാരവും ചരിത്രവും അവരും അറിയണമെന്നാണ് തങ്ങള്‍ ആഗ്രഹിക്കുന്നതെന്ന് ബോര്‍ഡ് അധ്യക്ഷന്‍ വ്യക്തമാക്കി.

മദ്രസകളിലെ അധ്യാപകരുടെ ഹാജര്‍, കുട്ടികളുടെ പരീക്ഷകള്‍, അധ്യാപക നിയമനം എന്നിവയിലും വലിയ മാറ്റങ്ങൾ വരുമെന്നാണ് സൂചന. അധ്യാപക നിയമനത്തില്‍ സ്ഥാപിത താല്‍പ്പര്യങ്ങള്‍ നടപ്പാക്കുന്നത് തടയാൻ യോഗ്യതാ പരീക്ഷ നിര്‍ബന്ധമാക്കുമെന്ന് ബോർഡ് അറിയിച്ചു. അതേസമയം അധ്യാപക നിയമനത്തിൽ അന്തിമ തീരുമാനം മാനേജ്മെന്റുകളായിരിക്കും കൈക്കൊള്ളുക.

ഇതുമായി ബന്ധപ്പെട്ട പ്രധാന നിര്‍ദേശങ്ങള്‍ സര്‍ക്കാരിന് ബോര്‍ഡ് സമര്‍പ്പിക്കും. അധ്യാപകര്‍ക്കും മറ്റ് അനധ്യാപക ജീവനകാര്‍ക്കും ബയോമെട്രിക് ഹാജര്‍ ഉള്‍പ്പെടെയുള്ള സംവിധാനങ്ങള്‍ ഏര്‍പ്പെടുത്താനും മദ്രസ ബോര്‍ഡ് തീരുമാനിച്ചിട്ടുണ്ട്.