പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഫ്രാൻസ് സന്ദർശിക്കും. പ്രസിഡന്റ് ഇമ്മാനുവൽ മാക്രോണിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രിയുടെ ഫ്രാൻസ് സന്ദർശനം. ഇന്നും നാളെയുമായി രണ്ട് ദിവസത്തെ ഫ്രാൻസ് പര്യടനത്തിനാണ് അദ്ദേഹം എത്തുന്നത്. നാളെ നടക്കുന്ന ബാസ്റ്റിൽ ഡേ പരേഡിലും അദ്ദേഹം പങ്കെടുക്കുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്രമോദി ഫ്രാന്‍സ് സന്ദര്‍ശിക്കുന്ന വേളയില്‍ ആയുധ ഇടപാടിനെപ്പറ്റി പ്രഖ്യാപനമുണ്ടാകും. റഫാൽ യുദ്ധവിമാന കരാറിൽ ഒപ്പിടും. 26 യുദ്ധ വിമാനങ്ങൾ വാങ്ങുന്നതിനാണ് കരാർ.
26 റഫാല്‍ യുദ്ധവിമാനങ്ങള്‍, മൂന്ന് അധിക സ്‌കോര്‍പീന്‍ അന്തര്‍വാഹിനികള്‍, ജെറ്റ് എഞ്ചിന്‍ സാങ്കേതികവിദ്യയ്ക്കായുള്ള സാങ്കേതിക കൈമാറ്റം എന്നിവ കരാറിലൂടെ സാധ്യമാവുമെന്ന് ദി പ്രിന്റ് റിപ്പോര്‍ട്ട് ചെയ്യുന്നു.
സേനകള്‍ സമര്‍പ്പിച്ച ശുപാര്‍ശകള്‍ പ്രതിരോധ മന്ത്രാലയത്തിന്റെ പരിഗണനയിലാണ്. സുരക്ഷാഭീഷണി വര്‍ധിക്കുന്നതിനാല്‍ പുതിയ ആയുധങ്ങള്‍ എത്രയും വേഗം വേണമെന്ന് നാവികസേന ആവശ്യപ്പെടുന്നുണ്ട്. പ്രൊജക്ട് 75ന്റെ ഭാഗമായി സ്‌കോര്‍പീന്‍ ക്ലാസ് അന്തര്‍വാഹിനികളും സേന ചോദിച്ചിട്ടുണ്ട്.
നേരത്തേ 36 റഫാല്‍ വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിന്ന് ഇന്ത്യ വാങ്ങിയിരുന്നു. ആദ്യ ബാച്ച് 2020 ജൂലൈ 29നാണ് എത്തിയത്. വ്യോമസേനയുടെ അടിയന്തര ആവശ്യങ്ങള്‍ നിറവേറ്റുന്നതിനായി 36 റഫാലുകള്‍ക്കായി 2016 സെപ്റ്റംബറിലാണ് 60,000 കോടിയുടെ കരാര്‍ ഒപ്പിട്ടത്.