National

പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ

ജർമൻ സന്ദർശനം പൂർത്തിയാക്കി പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് ഡെൻമാർക്കിൽ എത്തും. നോർഡിക് ഉച്ചകോടിയിൽ പങ്കെടുക്കുന്ന അദ്ദേഹം കൂടുതൽ നിക്ഷേപം ഇന്ത്യയിലേക്ക് എത്തിക്കാനുള്ള ആശയവിനിമയം വിവിധ രാജ്യ തലവന്മാരും ആയി നടത്തും.

കോപ്പൻഹേഗനിലെത്തുന്ന മോദി പ്രധാനമന്ത്രി മെറ്റ് ഫ്രെഡറിക്‌സനുമായി ചർച്ച നടത്തും. ഡാനിഷ് രാജ്ഞി മാർഗരറ്റുമായും കൂടിക്കാഴ്ചയുണ്ട്. ഇന്ത്യ-നോർഡിക് സമ്മേളനത്തിലും മോദി പങ്കെടുക്കും. കൊവിഡാനന്തര സാമ്പത്തിക മുന്നേറ്റം, കാലാവസ്ഥാ വ്യതിയാനം, നൂതനസംരംഭങ്ങളും സാങ്കേതിക വിദ്യയും, ഹരിതോർജം തുടങ്ങിയവയാണ് നോർഡിക് ഉച്ചകോടിയിലെ വിഷയങ്ങൾ.

ജർമൻ സന്ദർശനം വിജയകരമായിരുന്നു എന്ന ആമുഖത്തോടെയാണ് ജർമനിയിലുള്ള ഇന്ത്യൻ സമൂഹത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്തത്. ‘രാഷ്ട്രീയമായും സാമൂഹികമായും നിയമപരമായും വലിയ മാറ്റങ്ങൾക്കാണ് ഇന്ത്യ സാക്ഷ്യം വഹിക്കുന്നു. ഇന്ത്യക്കാരനെന്ന നിലയിൽ എല്ലാവർക്കും അഭിമാനിക്കാവുന്നതാണ് നേട്ടങ്ങൾ. കൂടുതൽ വിദേശ നിക്ഷേപം ഇന്ത്യയിലേക്ക് എത്തുകയാണ്. രാജ്യത്തെ സാഹചര്യങ്ങളോടുള്ള അന്താരാഷ്ട്ര സമൂഹത്തിന്റെ വിശ്വാസ്യതയാണ് ഇത് വ്യക്തമാക്കുന്നു. മുൻപുണ്ടായിരുന്ന സർക്കാരുകൾ വരുത്തിയ വീഴ്ചകളും മെല്ലെപ്പോക്കും ഇന്ത്യയിൽ ഇപ്പോഴില്ല’- മെദി പറഞ്ഞു.

ജർമനി സന്ദർശനം പൂർത്തിയാക്കി ഡെൻമാർക്കിലെത്തിയ ശേഷം പാരിസിൽ ഹ്രസ്വ സന്ദർശനം നടത്തുന്ന മോദി പ്രസിഡന്റ് ഇമ്മാനുവൽ മക്രോയുമായി കൂടിക്കാഴ്ച നടത്തും. വീണ്ടും അധികാരം നേടിയതിന് പിന്നാലെയാണ് മാക്രോണിനെ മോദി കാണുന്നത്.