National

ഗുജറാത്ത് കലാപത്തില്‍ മോദിക്ക് ക്ലീന്‍ചിറ്റ് നല്‍കി നാനാവതി കമ്മീഷന്‍

ഗുജറാത്ത് കലാപത്തിൽ അന്നത്തെ മുഖ്യമന്ത്രിയായിരുന്ന നരേന്ദ്ര മോദിക്കും സര്‍ക്കാരിനും ക്ലീൻ ചിറ്റ് നൽകി ജസ്റ്റിസ് നാനാവതി – മെഹ്ത കമ്മീഷൻ റിപ്പോർട്ട്. ഇന്ന് രാവിലെ ഗുജറാത്ത് നിയമസഭയില്‍ സമര്‍പ്പിച്ച റിപ്പോർട്ടിലാണ് മുഖ്യമന്ത്രി മോദി നേതൃത്വം നല്‍കിയ സര്‍ക്കാരിന് ക്ലീന്‍ചിറ്റ് നല്‍കിയിരിക്കുന്നത്. ഗുജറാത്ത് ആഭ്യന്തര മന്ത്രി പ്രദീപ് സിങ് ജഡേജയാണ് റിപ്പോര്‍ട്ട് നിയമസഭയില്‍ സമര്‍പ്പിച്ചത്.

ഗോധ്രയില്‍ ട്രെയിന്‍ ചുട്ടെരിച്ചതിന് പിന്നാലെ പൊട്ടിപ്പുറപ്പെട്ട കലാപം ആസൂത്രിതമായിരുന്നില്ലെന്നും മോദി സര്‍ക്കാര്‍ കലാപം തടയാന്‍ ശ്രമിച്ചിരുന്നുവെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. മുന്‍ ഐ.പി.എസ് ഓഫീസര്‍ സഞ്ജീവ് ഭട്ട് ഇതു സംബന്ധിച്ച് ഉന്നയിച്ച ആരോപണങ്ങള്‍ക്ക് അടിസ്ഥാനമില്ലെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. 2002 ലെ ഗുജറാത്ത് കലാപത്തിൽ കാര്യക്ഷമമായ ഇടപെടൽ അന്നത്തെ മുഖ്യമന്ത്രി നരേന്ദ്ര മോദി നടത്തിയില്ലെന്നും മുസ്‍ലിം വിഭാഗങ്ങൾക്കെതിരെ മാത്രമായിരുന്നു പൊലീസ് നടപടി ഉണ്ടായതെന്നുമായിരുന്നു ആരോപണം.

കലാപം നടന്നപ്പോൾ സർക്കാർ മൗനം പാലിച്ചുവെന്നും വിമർശനം ഉയര്‍ന്നിരുന്നു. ഇതു സംബന്ധിച്ച് ജസ്റ്റിസ് കെ.ടി നാനാവതി – അക്ഷയ് മെഹ്ത കമ്മീഷൻ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ടാണ് ഇന്ന് ഗുജറാത്ത് നിയമസഭയിൽ സമര്‍പ്പിച്ചത്. 2008 ൽ സമർപ്പിച്ച ഇടക്കാല റിപ്പോർട്ടിലും മോദിക്ക് ക്ലീൻ ചിറ്റ് നൽകിയിരുന്നു. റിപ്പോർട്ട് അനുസരിച്ച്, ചില സ്ഥലങ്ങളിൽ, ജനക്കൂട്ടത്തെ നിയന്ത്രിക്കുന്നതിൽ പൊലീസ് ഫലപ്രദമായിരുന്നില്ല. കലാപം നിയന്ത്രിക്കുന്നതിന് ആവശ്യമായ നടപടി അവർ കാണിച്ചില്ല. ഇതിന്റെ അടിസ്ഥാനത്തില്‍ പൊലീസ് ഉദ്യോഗസ്ഥർക്കെതിരെ അന്വേഷണവും നടപടിയും കമ്മീഷന്‍ ശിപാർശ ചെയ്തിട്ടുണ്ട്.

സംസ്ഥാന സർക്കാരിന് സമർപ്പിച്ച് അഞ്ച് വർഷത്തിന് ശേഷം ആഭ്യന്തര സഹമന്ത്രി പ്രദീപ്സിങ് ജഡേജയാണ് റിപ്പോർട്ട് സഭയിൽ അവതരിപ്പിച്ചത്. കലാപത്തെക്കുറിച്ച് അന്വേഷിക്കാൻ 2002 ൽ അന്നത്തെ സംസ്ഥാന മുഖ്യമന്ത്രി നരേന്ദ്ര മോദിയാണ് കമ്മീഷനെ നിയോഗിച്ചത്. ഗോദ്ര റെയിൽവേ സ്റ്റേഷന് സമീപം സബർമതി എക്സ്പ്രസ് ട്രെയിനിന്റെ രണ്ട് കോച്ചുകൾ കത്തിച്ചതിനെ തുടർന്ന് 59 പേര്‍ കൊല്ലപ്പെട്ടിരുന്നു. ഇതേത്തുടര്‍ന്നുണ്ടായ കലാപത്തില്‍ ആയിരക്കണക്കിന് ന്യൂനപക്ഷ സമുദായംഗങ്ങളാണ് കൊല്ലപ്പെട്ടത്.