National

ബെംഗളൂരുവിൽ യുവാവിനെ സ്ത്രീകൾ അടങ്ങുന്ന സംഘം തല്ലിക്കൊന്നു

കർണാടക തലസ്ഥാനമായ ബെംഗളൂരുവിലെ കെപി അഗ്രഹാരിൽ യുവാവിനെ ആറംഗ സംഘം തല്ലിക്കൊന്നു. 3 സ്ത്രീകളും മൂന്ന് പുരുഷന്മാരും അടങ്ങുന്ന സംഘമാണ് കല്ല് കൊണ്ട് അടിച്ചും മർദ്ദിച്ചും 30 കാരനെ കൊലപ്പെടുത്തിയത്. ശനിയാഴ്ച രാത്രിയായിരുന്നു ദാരുണമായ കൊലപാതകം. സംഭവത്തിൻ്റെ സിസിടിവി ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചു.

ശനിയാഴ്ച അർധരാത്രിയോടെ നഗരത്തിലെ കെപി അഗ്രഹാര പ്രദേശത്ത് ഉണ്ടായിരുന്ന യുവാവിനെ ഒരു സംഘം വളയുന്നത് പൊലീസ് പുറത്തു വിട്ട സിസിടിവി ദൃശ്യങ്ങളിൽ കാണാം. ഗ്രൂപ്പ് അംഗങ്ങൾ തമ്മിൽ തർക്കിച്ച ശേഷം, സ്ത്രീകളിലൊരാൾ ഒരു വലിയ കല്ല് എടുത്ത് യുവാവിനെ മർദ്ദിക്കുന്നതും വിഡിയോയിൽ വ്യക്തമാണ്.

പിന്നീട് ആറംഗ സംഘം തുടർച്ചയായി യുവാവിനെ മർദ്ദിക്കുന്നുണ്ട്. ഇരയുടെ നിലവിളി കേട്ട് അയൽവാസികൾ പുറത്തിറങ്ങി പൊലീസിനെ വിളിച്ചു. യുവാവിനെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. ബദാമി സ്വദേശിയാണ് മരിച്ചത്. നിലവിൽ അക്രമികൾക്കായുള്ള തെരച്ചിൽ തുടരുകയാണ്. കൊലപാതകത്തിന്റെ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.