National

മഹാരാഷ്ട്രയില്‍ കൂടുതല്‍ എംഎല്‍എമാര്‍ ഗുവാഹത്തിയിലേക്ക്; അഘാഡി സഖ്യം നിലനിര്‍ത്താന്‍ നീക്കവുമായി എന്‍സിപി

മഹാരാഷ്ട്രയിലെ രാഷ്ട്രീയ പ്രതിസന്ധി തുടരുന്നതിനിടെ കൂടുതല്‍ എംല്‍എമാര്‍ ഗുവാഹത്തിയിലേക്ക്. ഏക്‌നാഥ് ഷിന്‍ഡെ സേനയില്‍ 50 എംഎല്‍എമാരുണ്ടെന്നാണ് റിപ്പോര്‍ട്ട്. ഗവര്‍ണര്‍ക്ക് ഇതിനോടകം കത്ത് നല്‍കിയ ഷിന്‍ഡെ, ഗവര്‍ണറുമായി കൂടിക്കാഴ്ചയും നടത്തിയേക്കും.

അതേസമയം മഹാവികാസ് അഘാഡി സഖ്യം നിലനിര്‍ത്താന്‍ ചര്‍ച്ചകളുമായി ശരദ് പവാര്‍ മുന്നോട്ടുപോകുകയാണ്. 20 വിമത എംഎല്‍എമാര്‍ തിരിച്ചുവരുമെന്ന് ശിവസേന പ്രതീക്ഷ വച്ചുപുലര്‍ത്തുന്നുണ്ട്. അട്ടിമറി നീക്കത്തിന് പിന്നില്‍ ബിജെപിയാണെന്ന് എന്‍സിപിയും പ്രതികരിച്ചു. വിമത എംഎല്‍എമാര്‍ക്കെതിരെ നടപടി ആവശ്യപ്പെട്ട് ഉദ്ധവ് താക്കറെ പക്ഷം ഡെപ്യൂട്ടി സ്പീക്കര്‍ക്ക് ക്തത് നല്‍കിയിട്ടുണ്ട്.

ഷിന്‍ഡെയെ നിയമസഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് വിമത വിഭാഗം ഗവര്‍ണര്‍ക്ക് കത്ത് നല്‍കി. മൂന്ന് ശിവസേന എംഎല്‍എമാര്‍ ഉള്‍പ്പെടെ 8 പേര്‍കൂടി വിമത ക്യാമ്പിലേക്ക് ഉടന്‍ എത്തുമെന്ന് റിപ്പോര്‍ട്ട്. മഹാ അഘാഡി സഖ്യത്തിലെ ഉന്നത നേതാക്കള്‍ തമ്മില്‍ ആശയ വിനിമയം നടത്തിയതിന്റെ അടിസ്ഥാനത്തിലാണ് വിമതര്‍ക്കെതിരെ നടപടിക്ക് ഉദ്ധവ് താക്കറെ വിഭാഗം നീക്കങ്ങള്‍ ആരംഭിച്ചത്.ശിവസേനയിലെ മുതിര്‍ന്ന നേതാക്കളുടെ തീരുമാനം അറിഞ്ഞ ശേഷമാണ് നീക്കം.

ഏക് നാഥ് ഷിന്‍ഡെ ഉള്‍പ്പെടെ 12 വിമതര്‍ക്കെതിരെ നടപടി എടുക്കാനാനായി ആക്ടിങ് സ്പീക്കര്‍ നര്‍ഹരി സീതറാം സിര്‍വാളിനു ശിവ സേന അപേക്ഷ നല്‍കി.ഇതിനു പിന്നാലെ ഉദ്ധവ് താക്കറെയെ വെല്ലുവിളിച്ചു ഏക് നാഥ് ഷിന്‍ഡെ രംഗത്ത് വന്നു. ഭൂരിപക്ഷമില്ലാത്ത നിങ്ങള്‍ കഴിയുമെങ്കില്‍ നടപടി എടുത്തു കാണിക്കാന്‍ ഷിന്‍ഡെ ആവശ്യപ്പെട്ടു.

ഭരണഘടനയുടെ പത്താം ഷെഡ്യൂള്‍ പ്രകാരം വിപ്പ് നിയമസഭാ പ്രവര്‍ത്തനത്തിനാണ്, യോഗങ്ങള്‍ക്കല്ല എന്നും, നടപടിക്ക് അപേക്ഷ നല്‍കി പേടിപ്പിക്കാന്‍ കഴിയില്ലെന്നും കാരണം ബാലാസാഹേബ് താക്കറെയുടെ യഥാര്‍ത്ഥ ശിവസേനയും ശിവസൈനികരും തങ്ങളാണ് എന്നും ഷിന്‍ഡെ ട്വിറ്ററിലൂടെ പ്രതികരിച്ചു. ഇതിന് പിന്നാലെ ഷിന്‍ഡെയെ നിയമ സഭാ കക്ഷി നേതാവായി തെരഞ്ഞെടുത്ത് 42 വിമത എംഎല്‍എമാര്‍ ഗവര്‍ണര്‍ക്കും, ഡെപ്യൂട്ടി സ്പീക്കര്‍ക്കും കത്ത് നല്‍കി.