നരേന്ദ്രമോദി സർക്കാരിന്റെ എട്ടാം വാർഷികത്തിൽ ഇന്ത്യ ലോകത്തിലെ വൻശക്തിയായി മാറിയതായി ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. രാജ്യത്തെ ഭരണസ്തംഭനവും വികസന മുരടിപ്പും അവസാനിപ്പിച്ചത് 2014ൽ അധികാരത്തിലേറിയ മോദി സർക്കാരാണെന്നും കോഴിക്കോട് നടന്ന വാർത്താസമ്മേളനത്തിൽ അദ്ദേഹം പറഞ്ഞു. ഈ വർഷത്തെ ജിഡിപി 8.47 ആയി ഉയർന്നത് ഇതിന്റെ ഉദ്ദാഹരണമാണ്. കഠിന പ്രയത്നത്തിലൂടെയാണ് മോദി എട്ട് വർഷം കൊണ്ട് ലോകത്തിലെ വൻ ശക്തിയാക്കി രാജ്യത്തെ മാറ്റിയത്. രണ്ട് വർഷത്തെ കൊവിഡ് പ്രതിസന്ധിയെ അതിജീവിച്ച് ലോകത്തിലെ ഏറ്റവും മികച്ച രാഷ്ട്രതലവനായി ഇന്ത്യൻ പ്രധാനമന്ത്രി മാറി. രാജ്യത്തെ പാവപ്പെട്ട 80 കോടി ജനങ്ങൾക്ക് രണ്ട് വർഷമായി സൗജന്യ ഭക്ഷ്യധാന്യ വിതരണം നടത്തുന്ന സർക്കാരാണ് ഡൽഹിയിലുള്ളത്.
കേരളത്തിന് ഏറ്റവും കൂടുതൽ സഹായം നൽകിയത് മോദി സർക്കാരാണെന്ന് സുരേന്ദ്രൻ ചൂണ്ടിക്കാണിച്ചു. 5,600 കോടി രൂപയാണ് ഇന്നലെ ജിഎസ്ടി നഷ്ടപരിഹാരമായി കേരളത്തിന് അനുവദിച്ചത്. റവന്യു ഡെഫിസന്റ് ഗ്രാൻഡായി എല്ലാ വർഷവും കേരളത്തിന് 3,000 കോടി കേന്ദ്രം അനുവദിക്കുന്നുണ്ട്. നികുതി പിരിവിന്റെ 42 ശതമാനം സംസ്ഥാനത്തിന് നൽകുന്ന കോപ്പറേറ്റീവ് ഫെഡറലിസമാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്.
1.22 കോടി പേർക്ക് പിഎംഎവൈ പ്രകാരം നഗരങ്ങളിൽ വീട് നൽകിയ കേന്ദ്രസർക്കാർ 2.3 ലക്ഷം വീടുകൾ ഗ്രാമങ്ങളിൽ നിർമ്മിച്ചു നൽകി. 2.35 കോടി ശൗചാലയങ്ങൾ സ്വച്ഛ് ഭാരത് പദ്ധതിയിലൂടെ രാജ്യത്ത് നിർമ്മിച്ചു. 6.5 കോടി വീടുകളിൽ ജൽജീവൻ മിഷൻ പ്രകാരം കുടിവെള്ളം എത്തിക്കാൻ സാധിച്ചു. 3.2 കോടി ആളുകൾക്ക് അഞ്ച് ലക്ഷം രൂപ പരിരക്ഷയുള്ള ലോകത്തിലെ ഏറ്റവും വലിയ ആരോഗ്യ ഇൻഷൂറൻസ് പദ്ധതിയായ ആയുഷ്മാൻ ഭാരതിലൂടെ സഹായം അനുവദിച്ചു. 18 കോടി ആയുഷ്മാൻ കാർഡുകളാണ് കേന്ദ്രസർക്കാർ വിതരണം ചെയ്തത്. 190 കോടി ഡോസ് കൊവിഡ് വാക്സിൻ വിതരണം ചെയ്യാൻ നരേന്ദ്രമോദിക്ക് സാധിച്ചത് ലോകം അത്ഭുതത്തോടെയാണ് കണ്ടതെന്ന് സുരേന്ദ്രൻ പറഞ്ഞു.
ജീവൻ രക്ഷാ മരുന്നുകൾക്ക് വില കുറച്ച് പാവപ്പെട്ടവരുടെ കണ്ണീരൊപ്പാൻ മോദിക്ക് കഴിഞ്ഞു. 8,627 കോടി ജൻഔഷധി ശാലകൾ തുറന്ന് തുച്ഛമായ വിലയ്ക്ക് മരുന്ന് എല്ലാവർക്കും എത്തിച്ച് കോടിക്കണക്കിന് ജനങ്ങൾ ആശ്വാസം നൽകി. രാജ്യത്ത് പുതുതായി 15 എയിംസുകളും 200 മെഡിക്കൽ കോളേജും കൊണ്ടു വന്നു. 11.32 കോടി കർഷകർക്ക് പ്രധാനമന്ത്രി സമ്മാൻ നിധി നൽകി വരുന്നു. ഫസൽ ഭീമായോജനയിലൂടെ കർഷകർക്ക് നഷ്ടപരിഹാരം നൽകുന്നു. 3.54 കോടി കർഷകർക്ക് കിസാൻ ക്രെഡിറ്റ് കാർഡ് ലഭിച്ചു. കൂടുതൽ കാർഷിക ഉത്പന്നങ്ങൾക്ക് താങ്ങുവില വർദ്ധിപ്പിച്ചു.
ഉജ്ജ്വല യോജ പദ്ധതിയിൽ 9 കോടി പാചകവാത സിലിണ്ടർ പുതുതായി നൽകി സ്ത്രീകളുടെ സ്വപ്നം പൂവണിയിച്ചു. സ്റ്റാർട്ട്അപ്പ് ലോണുകളിൽ 80 ശതമാനം സ്ത്രീകൾക്ക് നൽകാൻ തീരുമാനിച്ചു. ഉന്നത പഠനത്തിനും തൊഴിൽ നേടാനും വിവാഹത്തിനും സ്ത്രീകൾക്ക് സഹായം. പ്രസവാവധി ശമ്പള സഹിതം 26 ആഴ്ചകളായി മോദി വർദ്ധിപ്പിച്ചു. ആദ്യത്തെ പ്രസവത്തിന് 5000 രൂപ നൽകുന്നു. ദേശീയപാത വികസനം ഒരു ദിവസം 12 കിലോമീറ്ററായിരുന്നു 2014ന് മുമ്പ് എങ്കിൽ ഇപ്പോൾ 37 കിലോമീറ്ററായി വർദ്ധിപ്പിച്ചു. 80 പുതിയ വിമാനത്താവളങ്ങൾ വന്നു. അടിസ്ഥാന വികസന രംഗത്ത് രാജ്യം വലിയ പുരോഗതി ആർജ്ജിച്ചു. സ്ത്രീകൾ, കുട്ടികൾ, പട്ടികജാതിക്കാർ എന്നിവർക്ക് പ്രത്യേക കരുതൽ നൽകി മോദി മുന്നോട്ട് പോവുകയാണ്. കേന്ദ്രസർക്കാരിന്റെ ജനക്ഷേമനയങ്ങൾ എല്ലാവരിലും എത്തിക്കാൻ വിപുലമായ പരിപാടികളാണ് ബിജെപി നടത്തുന്നതെന്നും സുരേന്ദ്രൻ പറഞ്ഞു.