National

തൊഴിലില്ലായ്മ രൂക്ഷം; അഞ്ച് മാസത്തിനിടെ തൊഴിലുറപ്പ് പദ്ധതിയിൽ ചേർന്നത് 83 ലക്ഷം പേർ

കൂടുതൽ ആളുകളുള്ളത് ഉത്തര്‍ പ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ

ദേശീയ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവരിൽ ഇരട്ടി വർധന. ഏപ്രിൽ ഒന്ന് മുതൽ സെപ്തംബർ 3 വരെ 83 ലക്ഷം പേർ പദ്ധതിയില്‍ പുതുതായി പേര് ചേര്‍ത്തു. കഴിഞ്ഞ വർഷം അംഗങ്ങളായവരേക്കാൾ 17 ലക്ഷത്തിലധികം വര്‍ദ്ധനവുണ്ടായി. അടച്ചുപൂട്ടലിനെ തുടര്‍ന്നുണ്ടായ രാജ്യത്തെ തൊഴിലില്ലായ്മ പരിഹരിക്കാൻ അടിയന്തര ഇടപെടലുണ്ടാവണമെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു.

കോവിഡ് പശ്ചാത്തലത്തിൽ രാജ്യത്ത് വൻ സാമ്പത്തിക പ്രതിസന്ധി റിപ്പോർട്ട് ചെയ്തതിന് പിന്നാലെയാണ് തൊഴിലില്ലായ്മ രൂക്ഷമാണെന്ന കണക്കുകൾ പുറത്തുവരുന്നത്. മറ്റ് തൊഴിലുകൾ ഇല്ലാതായതോടെ തൊഴിലുറപ്പ് പദ്ധതിയിൽ അംഗങ്ങളായവരുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവാണ് രേഖപ്പെടുത്തിയത്. കഴിഞ്ഞ സാമ്പത്തിക വർഷം ആകെ അംഗങ്ങളായത് 64.70 ലക്ഷം പേരായിരുന്നു. എന്നാൽ ഈ സാമ്പത്തിക വർഷത്തെ അഞ്ച് മാസത്തെ കണക്ക് പുറത്തുവന്നപ്പോൾ പുതിയ അംഗങ്ങളുടെ എണ്ണം അതിലും കൂടുതൽ. 83.02 ലക്ഷം പേർ. അതായത് 28.32% വർധന രേഖപ്പെടുത്തി.

ഇതിലേറ്റവും കൂടുതൽ ആളുകളുള്ളത് ഉത്തര്‍ പ്രദേശ്, ബീഹാർ, പശ്ചിമ ബംഗാൾ, രാജസ്ഥാൻ, മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിൽ. ശതമാനം കണക്കാക്കിയാലും ഉത്തര്‍ പ്രദേശില്‍ തന്നെയാണ് കൂടുതൽ. 173 ശതമാനം വർധന. പിന്നീട് ആന്ധ്ര പ്രദേശും രാജസ്ഥാനും. വിവിധ സെക്ടറുകൾ അടച്ചുപൂട്ടിയതോടെ അതിഥി തൊഴിലാളികൾ നാട്ടിലേക്ക് തിരിച്ചതും ഈ വർധനക്കിടയാക്കിയത്. അതേസമയം വ്യാജ സർടിഫിക്കറ്റുകളാണെന്ന് ആരോപിച്ചും താമസം മാറിയതിൻറ പേരിലുമായി 13 ലക്ഷത്തിലധികം പേരുടെ അംഗത്വം ഈ സാമ്പത്തിക വർഷം റദ്ദാക്കുകയും ചെയ്തു. കഴിഞ്ഞ സാമ്പത്തിക വർഷം വരെ പദ്ധതിയിൽ നിന്ന് ഒഴിവാക്കിയത് ആകെ 10 ലക്ഷം പേരെയായിരുന്നു. 14.36 കോടി അംഗങ്ങളാണ് നിലവിൽ പദ്ധതിയുടെ ഭാഗമായിട്ടുള്ളത്.