National

പൗരത്വ നിയമം ആഭ്യന്തര പ്രശ്‌നം; യു.എൻ ഇടപെടേണ്ടെന്ന് കേന്ദ്ര സർക്കാർ

“ഇന്ത്യ നിയമവാഴ്ചയാൽ ഭരിക്കപ്പെടുന്ന ജനാധിപത്യ രാജ്യമാണ്. നമ്മുടെ സ്വതന്ത്ര ജുഡീഷ്യറിയിൽ നമുക്കെല്ലാം പൂർണ ബഹുമാനവും പരമാവധി വിശ്വാസവുമുണ്ട്.”

പൗരത്വ ഭേദഗതി നിയമത്തിന് (സി.എ.എ) എതിരെ യു.എൻ മനുഷ്യാവകാശ കമ്മീഷൻ സുപ്രീം കോടതിയിൽ മധ്യസ്ഥ ഹരജി സമർപ്പിച്ചതിനു പിന്നാലെ വിശദീകരണവുമായി കേന്ദ്ര സർക്കാർ. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്നും രാജ്യത്തിന്റെ പരമാധികാരവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ വിദേശകക്ഷികൾ ഇടപെടുന്നതിനെ ശക്തമായി എതിർക്കുന്നുവെന്നും വിദേശകാര്യ വക്താവ് രവീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.

‘1. യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷറുടെ ഓഫീസ് പൗരത്വ ഭേദഗതി നിയമവുമായി ബന്ധപ്പെട്ട് സുപ്രീം കോടതിയിൽ മധ്യസ്ഥ ഹരജി നൽകിയതായി അവരുടെ ഓഫീസ് ജനീവയിലുള്ള നമ്മുടെ പെർമനന്റ് മിഷനെ ഇന്നലെ വൈകുന്നേരം അറിയിച്ചിട്ടുണ്ട്. 2. പൗരത്വ ഭേദഗതി നിയമം ഇന്ത്യയുടെ ആഭ്യന്തര വിഷയവും നിയമങ്ങളുണ്ടാക്കാനുള്ള പാർലമെന്റിന്റെ പരമാധികാരവുമായി ബന്ധപ്പെട്ടതുമാണ്. ഇന്ത്യയുടെ പരമാധികാരവുമായി ബന്ധപ്പെട്ടുള്ള വിഷയങ്ങളിൽ കോടതിയെ സമീപിക്കാൻ ഒരു വിദേശ കക്ഷിക്കും അവകാശമില്ലെന്ന് ഞങ്ങൾ ഉറച്ചുവിശ്വസിക്കുന്നു. 3. സി.എ.എ ഭരണഘടനാപരമായി നിലനിൽക്കുന്നതും ഭരണഘടനാ മൂല്യങ്ങളുടെ എല്ലാ വ്യവസ്ഥകളും പാലിക്കുന്നതുമാണെന്ന് ഞങ്ങൾക്കു വ്യക്തമാണ്. ഇന്ത്യാവിഭജം എന്ന ദുരന്തം മുതൽക്ക് ഉയർന്നുവരുന്ന മനുഷ്യാവകാശ പ്രശ്‌നങ്ങളെക്കുറിച്ചുള്ള ദീർഘകാല ദേശീയ താൽപര്യങ്ങളുടെ പ്രതിഫലനമാണത്. 5. ഇന്ത്യ നിയമവാഴ്ചയാൽ ഭരിക്കപ്പെടുന്ന ജനാധിപത്യ രാജ്യമാണ്. നമ്മുടെ സ്വതന്ത്ര ജുഡീഷ്യറിയിൽ നമുക്കെല്ലാം പൂർണ ബഹുമാനവും പരമാവധി വിശ്വാസവുമുണ്ട്. നമ്മുടെ ബലിഷ്ഠവും നിയമപരമായി സ്ഥായിയുമായ നിലപാടിനെ സുപ്രീം കോടതി നീതികരിക്കുമെന്ന് ഞങ്ങൾക്കുറപ്പുണ്ട്.’

രവീഷ് കുമാർ പ്രസ്താവനയിൽ പറഞ്ഞു.

സ്വിറ്റ്‌സർലന്റിലെ ജനീവയിലുള്ള യു.എൻ മനുഷ്യാകവാശ കമ്മീഷണറുടെ ഓഫീസാണ്, യു.എൻ മനുഷ്യാവകാശ ഹൈകമ്മീഷണർ മിഷേൽ ബാഷലെറ്റ് സുപ്രീം കോടതിയിൽ മധ്യസ്ഥ ഹരജി സമർപ്പിച്ച കാര്യം ഇന്ത്യയെ അറിയിച്ചത്. നേരത്തെ, പൗരത്വ ഭേദഗതി നിയമം രാജ്യസഭയിൽ പാസായതിനു പിന്നാലെ ശക്തമായ വിമർശനവുമായി യു.എൻ.എച്ച്.സി.ആർ രംഗത്തെത്തിയിരുന്നു. പൗരത്വ ഭേദഗതി നിയമം അടിസ്ഥാനപരമായി വിവേചനമുണ്ടാക്കുന്നതാണെന്നും ഇതര രാജ്യങ്ങളിൽ പീഡനം നേരിടുന്ന ന്യൂനപക്ഷങ്ങളെ സ്വീകരിക്കുകയാണ് ലക്ഷ്യമെങ്കിലും ഇന്ത്യയിലെ മുസ്ലിംകളെ ഒഴിവാക്കുന്നതിനോട് യോജിക്കാനാവില്ലെന്നും യു.എൻ ഹ്യൂമൻ റൈറ്റ് വ്യക്തമാക്കിയിരുന്നു.