National

രാമക്ഷേത്രം പൊതുജനങ്ങള്‍ക്കായി തുറന്നു; അയോധ്യയിലേക്ക് ഭക്തരുടെ ഒഴുക്ക്


രാമക്ഷേത്രത്തിൽ പൊതുജനങ്ങൾക്ക് ദർശനം ആരംഭിച്ച ഇന്ന് അയോധ്യയിൽ ഭക്തജനപ്രവാഹം. പ്രാണപ്രതിഷ്ഠയ്ക്ക് ശേഷം ഇന്ന് രാവിലെ ഏഴു മുതലാണ് ജനങ്ങളെ കയറ്റിവിടാൻ തുടങ്ങിയത്. ദിവസങ്ങൾക്ക് മുൻപേ അയോധ്യയിലെത്തിയെങ്കിലും ക്ഷേത്രദർശനം സാധ്യമാവാത്ത ഭക്തരുടെ തിരക്കാണ് ഇപ്പോൾ രൂക്ഷമായിരിക്കുന്നത്.

ക്ഷേത്രത്തിന്റെ മുഖ്യ കവാടത്തിലൂടെ മാത്രമാണ് ഭക്തരെ കയറ്റിവിടുന്നത്. ഇതിനടുത്തുതന്നെ സൗജന്യ ഭക്ഷണം നൽകുന്ന ഭണ്ഡാരകളും തുറന്നിരിക്കുന്നത് തിരക്ക് വീണ്ടും വർധിക്കാൻ കാരണമാകുന്നുണ്ട്. ഭക്ഷണശാലകൾ അധികമില്ലാത്ത അയോധ്യ നഗരത്തിൽ പുറമേനിന്നെത്തുന്നവരിൽ കൂടുതലും സൗജന്യ ഭക്ഷണവിതരണ കേന്ദ്രങ്ങളെയാണ് ആശ്രയിക്കുന്നത്.

ക്ഷേത്രത്തിനകത്തെ തിരക്ക് നിയന്ത്രിക്കാൻ ലക്ഷ്യമിട്ട് മുഖ്യ കവാടത്തിനകത്തേക്ക് കൃത്യമായ ഇടവേളകളിലാണ് ഭക്തരെ കയറ്റിവിടുന്നത്. ക്ഷേത്ര കവാടം കടന്ന് അകത്തേക്ക് 500 മീറ്ററോളം നടക്കാനുണ്ട്. ഈ പാതയും ഭക്തജന തിരക്കാൽ നിറഞ്ഞുകഴിഞ്ഞു.

ക്ഷേത്ര കവാടത്തിന് മുന്നിൽ പതിനായിരങ്ങളാണ് തടിച്ചുകൂടിനിൽക്കുന്നത്. ജനത്തിരക്ക് നിയന്ത്രിക്കാൻ പൊലീസും സുരക്ഷാസേനകളും പാടുപെടുകയാണ്.തിങ്കളാഴ്ചയാണ് ക്ഷേത്രത്തിൽ പ്രതിഷ്ഠ നടന്നത്. കഴിഞ്ഞ മൂന്നു ദിവസങ്ങളായി ക്ഷേത്രത്തിലേക്ക് പൊതുജനങ്ങൾക്ക് പ്രവേശനം ഉണ്ടായിരുന്നില്ല.