National

മണിപ്പൂർ കലാപം: സംസ്ഥാന സർക്കാരിനോട് തൽസ്ഥിതി റിപ്പോർട്ട് ആവശ്യപ്പെട്ട് സുപ്രീം കോടതി

മണിപ്പൂരിലെ വർഗീയ കലാപവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാരിനോട് സുപ്രീം കോടതി റിപ്പോർട്ട് തേടി. അതിക്രമങ്ങളെക്കുറിച്ചുള്ള തൽസ്ഥിതി റിപ്പോർട്ട് ഒരാഴ്ചയ്ക്കകം സമർപ്പിക്കാനാണ് നിർദ്ദേശം. വെള്ളിയാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാമെന്ന് കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ അറിയിച്ചു. ഹർജി ജൂലൈ 10 ന് കോടതി വീണ്ടും പരിഗണിക്കും.

മണിപ്പൂരിലെ ന്യൂനപക്ഷമായ കുക്കി ഗോത്രവർഗക്കാർക്ക് സൈനിക സംരക്ഷണം ആവശ്യപ്പെട്ടുള്ള ഹർജി പരിഗണിക്കുകയായിരുന്നു സുപ്രീം കോടതി. മണിപ്പൂർ ട്രൈബൽ ഫോറം സമർപ്പിച്ച ഹർജി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി.എസ് നരസിംഹ, മനോജ് മിശ്ര എന്നിവരടങ്ങിയ ബെഞ്ചാണ് പരിഗണിച്ചത്. സംസ്ഥാനത്തെ വംശീയ അക്രമങ്ങൾ തടയാൻ സ്വീകരിച്ച നടപടികൾ, സേനയുടെ വിന്യാസം, ഭവനരഹിതരും അക്രമബാധിതരുമായവരുടെ പുനരധിവാസത്തിനുള്ള നടപടികൾ, ദുരിതാശ്വാസ ക്യാമ്പുകൾ, അവിടെയുള്ള സൗകര്യങ്ങൾ എന്നിവയെക്കുറിച്ച് ഒരാഴ്ചയ്ക്കുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാൻ കോടതി മണിപ്പൂർ സർക്കാരിനോട് ആവശ്യപ്പെട്ടു.

വെള്ളിയാഴ്ചയ്ക്കുള്ളിൽ തൽസ്ഥിതി റിപ്പോർട്ട് സമർപ്പിക്കാമെന്ന് കേന്ദ്രത്തിനും മണിപ്പൂർ സർക്കാരിനും വേണ്ടി ഹാജരായ സോളിസിറ്റർ ജനറൽ തുഷാർ മേത്ത സുപ്രീം കോടതിയെ അറിയിച്ചു. സംസ്ഥാനത്ത് സ്ഥിതി മെല്ലെ മെച്ചപ്പെടുകയാണെന്നും സോളിസിറ്റർ ജനറൽ കൂട്ടിച്ചേർത്തു. ഹർജി ജൂലൈ 10 ന് കോടതി വീണ്ടും പരിഗണിക്കും.