National

മണിപ്പൂരിൽ സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ ജീവനോടെ ചുട്ടുകൊന്നു

വർഗീയ കലാപങ്ങളിൽ സ്വയം കത്തിയമരുന്ന മണിപ്പൂരിൽ നിന്നും പുറത്തുവരുന്നത് കൊടും ക്രൂരതകളുടെ വാർത്തയാണ്. സ്ത്രീകളെ നഗ്നരാക്കി റോഡിലൂടെ നടത്തിച്ചത് മുതൽ കൂട്ടബലാത്സംഗവും കൊലപാതകവും വരെ രാജ്യത്തെ നടുക്കുന്ന മനുഷ്യത്വരഹിതമായ വാർത്തകൾ ഇതിനകം പുറത്തുവന്നിട്ടുണ്ട്. ഏറ്റവുമൊടുവിലായി സ്വാതന്ത്ര്യ സമര സേനാനിയുടെ ഭാര്യയെ അക്രമികൾ ജീവനോടെ ചുട്ടുകൊന്നുവെന്ന ഞെട്ടിക്കുന്ന വാർത്തയാണ് ഇപ്പോൾ ലഭിക്കുന്നത്.

മണിപ്പൂരിലെ സീറോ ഗ്രാമത്തിൽ നിന്നാണ് രാജ്യത്തിന് അപമാനകരമായ വാർത്ത പുറത്ത് വന്നത്. മെയ് 28 അന്തരിച്ച സ്വാതന്ത്ര്യ സമര സേനാനി എസ് ചുരാചന്ദ് സിംഗിൻ്റെ വീട് വളഞ്ഞ അക്രമികൾ വീടിന് തീയിട്ടു. സിംഗിന്റെ ഭാര്യ 80 വയസ്സുള്ള സോറോഖൈബാം ഇബെതോംബി മാത്രമാണ് വീട്ടിലുണ്ടായിരുന്നത്. ആയുധധാരികളായ ആളുകൾ ഗ്രാമത്തിൽ ആക്രമണം നടത്തുന്നുണ്ടെന്ന് അറിഞ്ഞ കുടുംബാംഗങ്ങൾ ഇവിടെ നിന്നും രക്ഷപ്പെട്ടിരുന്നു. അക്രമികൾ വൃദ്ധയെ ഉപദ്രവിക്കില്ലെന്നാണ് കുടുംബം കരുതിയിരുന്നത്. എന്നാൽ അക്രമികൾ വീടിന് തീയിട്ടതോടെ ഇവർ വെന്തുമരിച്ചു.

രണ്ട് മാസത്തിന് ശേഷം ഗ്രാമത്തിലേക്ക് മടങ്ങിയെത്തിയ കുടുംബം അറിയുന്നത് സോറോഖൈബാം ഇബെതോംബിയുടെ മരണവർത്തയാണ്. വീട് പൂർണമായും കത്തിനശിച്ചു. മുൻ രാഷ്ട്രപതി എപിജെ അബ്ദുൾ കലാം ആദരിച്ച ഒരു സ്വാതന്ത്ര്യ സമര സേനാനിയായിരുന്നു എസ് ചുരാചന്ദ് സിംഗ്. ഇരുവരും ഒന്നിച്ചുള്ള ചിത്രം മാത്രമേ ഇനി ബാക്കിയുള്ളൂവെന്നാണ് കുടുംബം പറയുന്നത്. 1918 മെയ് 28 ന് സിൽഹറ്റിലാണ് സോറോഖൈബാം ചുരാചന്ദ് മെയ്തേയ് ജനിച്ചത്. ക്വിറ്റ് ഇന്ത്യാ സമരത്തിൽ പങ്കെടുത്ത അദ്ദേഹം 1931 മുതൽ 1932 വരെ സിൽഹെറ്റ് ജയിലിൽ ആയിരുന്നു. സ്വാതന്ത്ര്യാനന്തരം സെറൂ ഗ്രാമത്തിലെ ആദ്യത്തെ പ്രധാൻ ആയിരുന്നു അദ്ദേഹം.