National

മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്ക്

മണിപ്പൂരിലെ 60 സീറ്റുകളിലും ബിജെപി മത്സരിച്ചത് ഒറ്റയ്ക്ക്. കോൺഗ്രസ് ആവട്ടെ, മണിപ്പൂർ പ്രോഗ്രസിവ് സെക്കുലർ അലയൻസ് എന്ന പേരിൽ 6 രാഷ്ട്രീയ പാർട്ടികളുമായി സഖ്യമുണ്ടാക്കിയാണ് തെരഞ്ഞെടുപ്പിനെ നേരിട്ടത്. ഫെബ്രുവരി 28, മാർച്ച് 3 തീയതികളിലായാണ് മണിപ്പൂരിൽ വോട്ടെടുപ്പ് നടന്നത്.

സംസ്ഥാനത്ത് ജയിച്ചുവരുന്നവരെ പിടിച്ചുനിർത്താൻ കോൺഗ്രസ് പദ്ധതികളൊരുക്കിയിട്ടുണ്ട്. ഇതിന് മുന്നോടിയായി എഐസിസിയിലെ ചില മുതിർന്ന നേതാക്കൾ കഴിഞ്ഞ ദിവസം മണിപ്പൂരിലെത്തി. എന്നാൽ നേതാക്കൾ ആരൊക്കെയാണെന്നത് വ്യക്തമല്ല.

ബിജെപിയുടെ ‘ചാക്കിടൽ’ രാഷ്ട്രീയത്തെ ഇത്തവണ ഫലപ്രദമായി തടയാനുള്ള ശ്രമത്തിലാണ് മണിപ്പൂരിലെ കോൺഗ്രസ് നേതൃത്വം. കഴിഞ്ഞ വർഷം അസമിൽ നടന്ന നിയമസഭ തെരഞ്ഞെടുപ്പിലും സമാനമായ തന്ത്രങ്ങൾ കോൺഗ്രസ് സ്വീകരിച്ചിരുന്നു. അസം നിയമസഭ തെരഞ്ഞെടുപ്പിൽ ഓൾ ഇന്ത്യ യുണൈറ്റഡ് ഡെമോക്രാറ്റിക് ഫ്രണ്ടുമായി (എഐയുഡിഎഫ്) സഖ്യമുണ്ടാക്കിയാണ് പാർട്ടി മത്സരിച്ചത്.

2017 വരെ തുടർച്ചയായി മൂന്ന് തവണ മണിപ്പൂർ ഭരിച്ച കോൺഗ്രസ് കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലാണ് ബിജെപിയോട് പരാജയപ്പെട്ടത്.

ഈ വർഷം മണിപ്പൂരിലെ 60 നിയമസഭാ സീറ്റുകളിൽ 53 ഇടത്താണ് കോൺഗ്രസ് സ്ഥാനാർത്ഥികൾ മത്സരിച്ചത്. മണിപ്പൂരിൽ ബി.ജെ.പിക്ക് തുടർഭരണം പ്രവചിച്ച് പാർട്ടി സംസ്ഥാന പ്രസിഡന്റ് ശാരദാ ദേവി നേരത്തേ രംഗത്തെത്തിയിരുന്നു. സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിൽ 40ൽ അധികം സീറ്റുകൾ പാർട്ടി നേടുമെന്നും ദേവി ആത്മവിശ്വാസം പ്രകടിപ്പിച്ചു. ആരെ മുഖ്യമന്ത്രിയാക്കുമെന്ന കാര്യത്തിൽ തീരുമാനമെടുത്തിട്ടില്ലെന്നും അവർ കൂട്ടിച്ചേർത്തു. മണിപ്പൂരിൽ ഫെബ്രുവരി 28നും മാർച്ച് 5നും രണ്ട് ഘട്ടങ്ങളിലായാണ് തെരഞ്ഞെടുപ്പ് നടന്നത്.