National

മണിപ്പൂർ സ്‌ഫോടനം: അന്വേഷണം ഏറ്റെടുത്ത് എൻഐഎ, എഫ്‌ഐആർ രജിസ്റ്റർ ചെയ്തു

മണിപ്പൂർ സ്‌ഫോടനം സംബന്ധിച്ച അന്വേഷണം ആഭ്യന്തര മന്ത്രാലയം ദേശീയ അന്വേഷണ ഏജൻസിക്ക് കൈമാറി. വടക്കുകിഴക്കൻ സംസ്ഥാനത്തെ ബിഷ്ണുപൂർ ജില്ലയിലെ ഒരു പാലത്തിൽ ജൂൺ 21 ന് നടന്ന ഐഇഡി സ്‌ഫോടനമാണ് എൻഐഎ അന്വേഷിക്കുന്നത്. കേസുമായി ബന്ധപ്പെട്ട് അന്വേഷണ ഏജൻസി എഫ്‌ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ജൂൺ 21 ന് ബിഷ്ണുപൂർ ജില്ലയിലെ ഫൗഗാച്ചോ ഇഖായ് അവാങ് ലെയ്‌കായിക്കും ക്വാട്ടയ്ക്കും ഇടയിലുള്ള പാലത്തിലാണ് സ്‌ഫോടനമുണ്ടായത്. പാലത്തിൽ പാർക്ക് ചെയ്തിരുന്ന കാറിനുള്ളിൽ ഘടിപ്പിച്ച ഐഇഡി പൊട്ടിത്തെറിച്ചായിരുന്നു സ്‌ഫോടനം. സ്‌ഫോടനത്തെത്തുടർന്ന് പടിഞ്ഞാറ് ഭാഗത്ത് പാലത്തിന്റെ ഒരു ഭാഗം തകർന്നു. സംഭവത്തിൽ മൂന്ന് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇത് ഭീകരാക്രമണമാണെന്നാണ് അധികൃതരുടെ സംശയം.

ഐപിസി 400, 121, 120-ബി, 326, 504, 506, 427 തുടങ്ങി നിരവധി വകുപ്പുകൾ പ്രകാരമാണ് എൻഐഎ കേസെടുത്തിരിക്കുന്നത്. കൂടാതെ, സ്‌ഫോടകവസ്തു നിയമത്തിന്റെ 3, 5 വകുപ്പുകളും പൊതു സ്വത്ത് നശിപ്പിക്കുന്നത് തടയൽ നിയമത്തിന്റെ (1984) സെക്ഷൻ 4 ഉം ചുമത്തിയിട്ടുണ്ട്. വിഷയം അന്വേഷണത്തിലാണെന്ന് ചൂണ്ടിക്കാട്ടി എൻഐഎ ഉദ്യോഗസ്ഥർ വിഷയത്തിൽ കൂടുതൽ പ്രതികരിക്കാൻ വിസമ്മതിച്ചു.