National

ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ സുകുമാരക്കുറുപ്പ് മോഡൽ കൊല; 28കാരന് വധശിക്ഷ

ജീവപര്യന്തം തടവിൽ നിന്ന് രക്ഷപ്പെടാൻ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ യുവാവിന് വധശിക്ഷ. മധ്യപ്രദേശിലാണ് സംഭവം. 22കാരനായ വിദ്യാർത്ഥിയെ കൊലപ്പെടുത്തിയ 28കാരനാണ് ഭോപ്പാൽ അഡീഷണൽ സെഷൻസ് കോടതി വധശിക്ഷ വിധിച്ചത്. മധ്യപ്രദേശിലെ സെഹോർ ദോറഹ സ്വദേശിയായ അമൻ ദംഗി എന്ന 22കാരനെയാണ് രാഘവ് ഗാർഹ് സ്വദേശി രജത് സെയ്‌നി സുകുമാരക്കുറുപ്പ് മോഡലിൽ കൊലപ്പെടുത്തിയത്.

2022 ജൂലായ് 14നാണ് സംഭവം നടന്നത്. കുട്ടിയെ തട്ടിക്കൊണ്ടുപോയ കേസിൽ തടവിനു ശിക്ഷിക്കപ്പെട്ടിരുന്നയാളാണ് രജത് സെയ്‌നി. ഗ്വാളിയോർ ജയിലിലാണ് ഇയാൾ കഴിഞ്ഞിരുന്നത്. പരോളിലിറങ്ങിയ സെയ്‌നി വീണ്ടും ജയിലിലേക്ക് പോകാതിരിക്കാൻ താൻ മരിച്ചതായി ചിത്രീകരിക്കാൻ തീരുമാനിച്ചു. ഈ സമയത്ത് ഭോപ്പാലിൽ ബിഎസ് സി രണ്ടാം വർഷ വിദ്യാർത്ഥിയായിരുന്നു അമൻ ദംഗി. തൻ്റെ വീടിനടുത്ത് താമസിച്ചിരുന്ന ദംഗിയെ ചുറ്റിക കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയ പ്രതി മൃതദേഹം പെട്രോളൊഴിച്ച് കത്തിച്ചു. ആളെ തിരിച്ചറിയാതിരിക്കാൻ ദംഗിയുടെ മുഖം ഇയാൾ പൂർണമായി പെട്രോളൊഴിച്ച് കത്തിച്ചു. ശേഷം മരണപ്പെട്ടത് താനാണെന്ന് പ്രചരിപ്പിച്ചു. എന്നാൽ, ദംഗിയുടെ മൃതദേഹം സഹോദരൻ തിരിച്ചറിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിൽ സെയ്‌നി പിടിയിലാവുകയായിരുന്നു.

ദംഗിയെ കൊലപ്പെടുത്തും മുൻപ് മറ്റൊരാളെ കൊല്ലാനാണ് രജത് സെയ്‌നി തീരുമാനിച്ചിരുന്നത്. ജീവപര്യന്തം ശിക്ഷ അനുഭവിക്കവെ ജയിലിൽ വച്ച് പരിചയപ്പെട്ട നിരഞ്ജൻ മീണ എന്നയാളിൽ നിന്ന് സെയ്‌നി അഞ്ച് ലക്ഷം രൂപ കടം വാങ്ങിയിരുന്നു. പണം തിരികെ കൊടുക്കാൻ സാധിക്കാതിരുന്നതോടെ മീണ സെയ്‌നിയെ ഭീഷണിപ്പെടുത്താൻ തുടങ്ങി. 2022 മെയ് 23ന് പരോളിലിടങ്ങിയ സെയ്‌നി മീണയെ കൊല്ലാൻ പദ്ധതിയിട്ടെങ്കിലും ഇത് പരാജയപ്പെട്ടു. തുടർന്നാണ് ഇയാൾ ദംഗിയെ കൊലപ്പെടുത്തിയത്.