National

അന്വേഷണ ഏജൻസികളുടെ ദുരുപയോഗം, പ്രതിപക്ഷ യോഗം വിളിച്ച് മമത

ബിജെപി ഇതര പ്രതിപക്ഷ നേതാക്കളുടെ യോഗം വിളിച്ച് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി. അന്വേഷണ ഏജൻസികളെ ദുരുപയോഗം ചെയുന്ന കേന്ദ്രത്തിനെതിരെ ഒരുമിച്ചു നിൽക്കണമെന്നും ബിജെപിക്കെതിരെ ഒറ്റക്കെട്ടായി പോരാടണമെന്നും മമത ആവശ്യപ്പെട്ടു. വിഷയം ഉന്നയിച്ച് പ്രതിപക്ഷ നേതാക്കള്‍ക്കും വിവിധ സംസ്ഥാനങ്ങള്‍ക്കും മമത കത്തയച്ചു.

തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ രാഷ്ട്രീയ എതിരാളികളെ അന്വേഷണ ഏജൻസികൾ ഉപയോഗിച്ച് ഇല്ലാതാക്കാൻ കേന്ദ്രം ശ്രമിക്കുന്നു. രാജ്യത്തെ പുരോഗമന ശക്തികൾ ഒത്തുചേർന്ന് അടിച്ചമർത്തൽ ശക്തിക്കെതിരെ പോരാടേണ്ടത് കാലഘട്ടത്തിന്റെ ആവശ്യമാണ്. അർഹതയുള്ള ഒരു ഭരണകൂടത്തിന് വഴിയൊരുക്കണമെന്നും മമത കൂട്ടിച്ചേത്തു.

കൽക്കരി കുംഭകോണക്കേസിൽ തൃണമൂൽ കോൺഗ്രസ് എംപി അഭിഷേക് ബാനർജിയെ ഇഡി വിളിപ്പിച്ചതിന് പിന്നാലെയാണ് പ്രതിപക്ഷത്തിന് മമതയുടെ കത്ത്. അധികാരത്തിലിരിക്കുന്ന സര്‍ക്കാര്‍ ഉത്തരവാദിത്തം കാണിക്കാനും എതിരഭിപ്രായങ്ങളെ അടച്ചമര്‍ത്തുന്ന നടപടികളെ എതിര്‍ക്കാനും പ്രതിപക്ഷ ഐക്യനിര വേണമെന്ന് മമത അഭിപ്രായപ്പെട്ടു.

പകപോക്കലിനായി രാജ്യത്തുടനീളമുള്ള പ്രതിപക്ഷ കക്ഷികളെ ലക്ഷ്യമിടാനും അപമാനിക്കാനും മാറ്റിനിര്‍ത്താനും ഇഡി, സിബിഐ, സെന്‍ട്രല്‍ വിജിലന്‍സ് കമ്മിഷന്‍, ആദായനികുതി വകുപ്പ് എന്നിവയെ ഉപയോഗിക്കുന്നുവെന്നും കത്തിലുണ്ട്. രാജ്യത്തിന്റെ വ്യവസ്ഥാപിത ജനാധിപത്യത്തിനു മേലുള്ള നേരിട്ടുള്ള ആക്രമണത്തില്‍ വലിയ ആശങ്ക അറിയിക്കാനാണ് താന്‍ എഴുതുന്നത് മമത കുറിച്ചു.