National

അഗ്നിവീരന്മാർ ബിജെപി പ്രവർത്തകരെന്ന് മമത ബാനർജി

അഗ്നിപഥിൽ തുടർ വിമർശനവുമായി പശ്ചിമ ബംഗാൾ മുഖ്യമന്ത്രിയും തൃണമൂൽ കോൺഗ്രസ് അധ്യക്ഷയുമായ മമത ബാനർജി. സേനയിൽ നാല് വർഷം പൂർത്തിയാക്കുന്ന അഗ്നിവീരർക്ക് ജോലി നൽകാൻ സംസ്ഥാനങ്ങളോട് കേന്ദ്രം ആവശ്യപ്പെടുന്നു. ബിജെപി പ്രവർത്തകർക്ക് ജോലി നൽകണമെന്നാണ് മോദി സർക്കാരിന്റെ ആഗ്രഹമെന്നും മമത പറഞ്ഞു.

താനൊരിക്കലും ബിജെപി പ്രവർത്തകർക്ക് ജോലി നൽകില്ല. നമ്മുടെ യുവാക്കൾക്ക് പ്രഥമ പരിഗണന നൽകും, സംസ്ഥാനത്തെ യുവാക്കൾക്ക് ആദ്യം ജോലി ഉറപ്പാക്കും. ബിജെപിയുടെ പാപം സംസ്ഥാനങ്ങൾ എന്തിന് ഏറ്റെടുക്കുമെന്നും മമത ചോദിച്ചു.

“പദ്ധതിക്കെതിരെ രാജ്യത്തെ പല സംസ്ഥാനങ്ങളിലും പ്രകടനങ്ങൾ നടന്നു. ബിഹാറിലും യുപിയിലും നടന്ന അക്രമാസക്തമായ പ്രതിഷേധങ്ങൾ വലിയ ആഘാതമാണ് ഉണ്ടാക്കിയത്. പലയിടത്തും തീവണ്ടി കത്തിക്കുകയും റെയിൽവേ സ്വത്തുക്കൾക്ക് വൻ നാശനഷ്ടം സംഭവിക്കുകയും ചെയ്തു. കോൺഗ്രസ് ഉൾപ്പെടെ എല്ലാ പ്രതിപക്ഷ പാർട്ടികളും പദ്ധതിയെ എതിർത്തു. നാല് വർഷത്തിന് പകരം മുഴുവൻ ജോലിയുമാണ് യുവാക്കൾ ആവശ്യപ്പെടുന്നത്.” ഒരു പരുപാടിയിൽ മമത ബാനർജി പറഞ്ഞു.