ഗോവയിൽ അപ്രവചനീയമായ അവസ്ഥയാണ് നിലവിലുള്ളത്. ആര് അധികാരം പിടിക്കുമെന്നത് ഇനിയും കണക്കുകൂട്ടാനായിട്ടില്ല. ഒപ്പം, സംസ്ഥാനത്തെ ബിജെപിയുടെ ചാക്കിട്ടുപിടുത്തം കൂടിയാവുമ്പോൾ ആര് ജയിച്ചാലും കാര്യമുണ്ടോ എന്ന ചോദ്യവും ഉയരുന്നുണ്ട്. ഇങ്ങനെ സങ്കീർണതകൾക്കിടയിൽ ചില മലയാളികൾ കൂടി ഉൾപ്പെട്ടിട്ടുണ്ട്. (malayali candidates goa election)
മാവേലിക്കര സ്വദേശി ഗിരീഷ് പിള്ള ഗോവയിൽ സ്വതന്ത്ര്യ സ്ഥാനാർത്ഥിയായി മത്സരിച്ചു. കോട്ടലിം നിയമസഭാ മണ്ഡലത്തിൽ നിന്നാണ് ഗിരീഷ് പിള്ള ജനവിധി തേടിയത്. സാങ്കോളി ഗ്രാമത്തിൽ സർപഞ്ച് പദവിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ഗിരീഷ് ജനസമ്മതനാണ്. സർപഞ്ച് സ്ഥാനം രാജിവച്ചാണ് അദ്ദേഹം ജനവിധി തേടിയത്. കോഴിക്കോട് വേരുകളുള്ള അഭിഭാഷകൻ സുനിൽ ലോറൻ വാസ് കോ ഡ ഗാമയിലെ ആം ആദ്മി പാർട്ടി സ്ഥാനാർത്ഥി ആയിരുന്നു. ജയ സാധ്യത കല്പിക്കപ്പെടുന്ന സ്ഥാനാർത്ഥിയാണ് സുനിൽ ലോറൻ. ആം ആദ്മി പാർട്ടി നേതാവ് അമിത് പലേക്കറുടെ ഭാര്യ രസിക ആറ്റിങ്ങൽ സ്വദേശിയാണ്.
ഗോവയിൽ ബിജെപിക്ക് മുൻതൂക്കമെന്ന് ന്യൂസ് എക്‌സും കോൺഗ്രസിന് സാധ്യതയെന്ന് ഇന്ത്യ ടുഡേയും ടൈംസ് നൗവും പ്രവചിക്കുന്നു. ഗോവയിൽ കോൺഗ്രസിന്റെ ജയം പ്രഖ്യാപിച്ചാണ് ടൈംസ് നൗ എക്‌സിറ്റ് പോൾ ഫലം. കോൺഗ്രസ് 16 സീറ്റുകളും ബിജെപി 14 സീറ്റുകളും നേടും. ആംആദ്മി പാർട്ടി 4, മറ്റുള്ളവർ 6 എന്നിങ്ങനെയാണ് സർവേ ഫലം സൂചിപ്പിക്കുന്നത്.
ഗോവയിൽ 15 മുതൽ 20 വരെ സീറ്റ് കോൺഗ്രസ് നേടുമെന്നാണ് ഇന്ത്യാ ടുഡേ സർവേ പ്രവചനം. ബിജെപി 14-18, ടിഎംസി 02-5, മറ്റുള്ളവർ 4 സീറ്റുകളും നേടിയേക്കും. 17 മുതൽ 19 സീറ്റ് വരെ നേടി ഗോവയിൽ ബിജെപി ജയം നേടുമെന്ന് ന്യൂസ് എക്‌സ് സർവേ എക്‌സിറ്റ് പോൾ പറയുന്നത്. കോൺഗ്രസിന് 11 മുതൽ 13 വരെ നേടിയേക്കും. മറ്റുള്ളവർ 2-7, എഎപി 1-4 എന്നിങ്ങനെയാണ് സർവേ ഫലം.
2017 നിയമസഭാ തെരഞ്ഞെടുപ്പിൽ ഗോവയിൽ സംഭവിച്ച അബദ്ധം ആവർത്തിക്കാതിരിക്കാനുള്ള മുൻകരുതലാണ് കോൺഗ്രസ് സ്വീകരിച്ചിരിക്കുന്നത്. കഴിഞ്ഞ തവണ ഏറ്റവും വലിയ ഒറ്റകക്ഷിയായിട്ടും സർക്കാരുണ്ടാക്കാൻ കോൺഗ്രസിന് കഴിഞ്ഞിരുന്നില്ല. പ്രാദേശിക പാർട്ടികളെയും സ്വതന്ത്രരെയും ചേർത്ത് ബിജെപി ഭരണം പിടിച്ചു. രണ്ട് സ്വതന്ത്രരും ബി ജെ പിയെ പിന്തുണയ്ക്കുകയായിരുന്നു. എം ജി പി 3, ജി എഫ് പി 3, എൻ സി പി 1, സ്വതന്ത്രർ 3 എന്നിങ്ങനെയായിരുന്നു മറ്റ് പാർട്ടികളുടെ കക്ഷി നില. ബി ജെ പി സഖ്യ സർക്കാർ രൂപീകരിച്ചതിന് പിന്നാലെ കോൺഗ്രസിലെ ചില എം എൽ എമാരും കൂറുമാറി ബി ജെ പിയിലെത്തി.