വീട് പണിയാൻ കുറഞ്ഞത് ഒരു വർഷമാണ് സാധാരണായി എടുക്കാറ്. സിമന്റ്, കല്ല്, മണൽ ഉൾപ്പെടെയുള്ള വസ്തുക്കൾ വാങ്ങുന്നത് മുതൽ തുടങ്ങും വീട്ടുടമയുടെ ആശങ്ക. ഈ 21-ാം നൂറ്റാണ്ടിൽ കോൺക്രീറ്റ് കെട്ടിടങ്ങളുടെ കാലത്ത് ഇതൊന്നുമില്ലാതെ വീട് പണിയുക സാധ്യവുമല്ല. എന്നാൽ പണ്ട് കാലത്തേത് പോലെ മണ്ണ് കൊണ്ട് നിർമിച്ച വീട് വളരെ കുറഞ്ഞ ചെലവിൽ നിർമിച്ച് ലോകത്തെ അംബരിപ്പിക്കുകയാണ് ബംഗളൂരു സ്വദേശിയായ മഹേഷ് കൃഷ്ണൻ.
നഗരത്തിന്റെ തിരക്കുകളിൽ നിന്നും ശബ്ദകോലാഹലങ്ങളിൽ നിന്നും മാറി ഗ്രാമത്തോട് ചേർന്ന് കിടക്കുന്ന പ്രദേശമാണ് മഹേഷ് വീട് വയ്ക്കാനായി തെരഞ്ഞെടുത്തത്. 125 ദിവസം കൊണ്ടാണ് വീട് പണി പൂർത്തിയാക്കിയത്. ചെലവോ വെറും 18,500 രൂപയും.
19 വർഷണായി ഹോസ്പിറ്റാലിറ്റി രംഗത്ത് പ്രവർത്തിച്ചുവരികയായിരുന്ന മഹേഷ് കൃഷ്ണൻ ലേ മെറീഡിയൻ, താജ് ഗേറ്റ് വേ തുടങ്ങിയ വമ്പന്മാർക്കൊപ്പവും പ്രവർത്തിച്ചിട്ടുണ്ട്. അത്യാഡംബരങ്ങൾ കണ്ട് ജീവിച്ചതുകൊണ്ട് തന്നെ സ്വന്തം വീട് പ്രകൃതിയോടിണങ്ങിയ സാധാരണ വീട് മതിയെന്ന് മഹേഷ് തീരുമാനിച്ചു.
ജോലി രാജി വച്ച മഹേഷ് കൃഷി പഠിച്ചെടുക്കുകയും, പരമ്പരാഗത രീതിയിലുള്ള നിർമാണ പ്രവർത്തനങ്ങളെ കുറിച്ച് പഠിക്കുകയും ചെയ്തു. അങ്ങനെയാണ് സ്വന്തമായി വീട് നിർമക്കാൻ തീരുമാനിക്കുന്നത്.
മണ്ണ്, ചാണം, കല്ലുകൾ, വൈക്കോൽ എന്നിവ ഉപയോഗിച്ചായിരുന്നു വീട് നിർമാണം. 300 ചതുരശ്ര അടിയുള്ള വീടാണ് മഹേഷ് കൃഷ്ണൻ നിർമിച്ചത്.