National

മഹാരാഷ്ട്ര മന്ത്രിസഭാ വികസനം ഇന്ന്; 14 മന്ത്രിമാർ സത്യപ്രതിജ്ഞ ചെയ്യും

അനിശ്ചിതത്വത്തിന് ഒടുവില്‍ മഹാരാഷ്ട്രയിലെ മന്ത്രിസഭാ വികസനം ഇന്ന്. ഏകനാഥ് ഷിൻഡെയുടെ നേതൃത്വത്തിലുള്ള പുതിയ സര്‍ക്കാര്‍ അധികാരത്തിലേറി 40 ദിവസങ്ങള്‍ക്ക് ശേഷമാണ് മന്ത്രിസഭാ വിപുലീകരണം. ശിവസേനയിൽ നിന്നും ബിജെപിയിൽ നിന്നുമായി 14 മന്ത്രിമാർ ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

ശിവസേന വിമത പക്ഷത്ത് നിന്നും 3 ഉം ബിജെപിയിൽ നിന്നും 11 പേർ അടക്കം 14 മന്ത്രിമാരാണ് ഇന്ന് സത്യപ്രതിജ്ഞ ചെയ്യുന്നത്. മുതിർന്ന ബിജെപി നേതാക്കളായ സുധീർ മുംഗന്തിവാർ, ചന്ദ്രകാന്ത് പാട്ടീൽ, ഗിരീഷ് മഹാജൻ എന്നിവർ പുതിയ മന്ത്രിമാരാകും. രാധാകൃഷ്ണ വിഖേ പാട്ടീൽ, സുരേഷ് ഖാഡെ, അതുൽ മൊറേശ്വർ സേവ്, മംഗൾ പ്രഭാത് ലോധ, വിജയ്കുമാർ ഗാവിത്, രവീന്ദ്ര ചവാൻ എന്നിവരാണ് സത്യപ്രതിജ്ഞ ചെയ്യുന്ന മറ്റ് നേതാക്കൾ. ഒരു വനിത മന്ത്രിയും ഇന്ന് സത്യപ്രതിജ്ഞ ചെയ്യും.

രാവിലെ 11ന് രാജ്ഭവനിലാണ് ചടങ്ങുകൾ. ഷിൻഡെ വിഭാഗത്തിൽ നിന്ന് ഗുലാബ് രഘുനാഥ് പാട്ടീൽ, സദാ സർവങ്കർ, ദീപക് വസന്ത് കേസർകർ എന്നിവരാണ് നാളെ സത്യപ്രതിജ്ഞ ചെയ്യുക. മുഖ്യമന്ത്രി സ്ഥാനം വിട്ടു കൊടുത്തതിനാൽ ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നാവിസിന് ആഭ്യന്തരമടക്കം സുപ്രധാന വകുപ്പുകൾക്ക് BJP അവകാശ വാദം ഉന്നയിച്ചിട്ടുണ്ട്. ഇതിനാൽ ഉദ്ധവ് താക്കറെയെ വിട്ടു വന്ന എംഎൽഎമാർക്ക് നൽകിയ വാഗ്ദാനങ്ങൾ പാലിക്കാൻ കഴിയാതായതോടെയാണ് മന്ത്രി സഭ വിപുലീകരണം നീണ്ടു പോയത്.

എന്നാൽ 40 ദിവസം പൂർത്തിയായ ശേഷവും 2 അംഗ മന്ത്രിസഭാ തുടരുന്നതിൽ പ്രതിപക്ഷമുൾപ്പെടെ വിമർശനം ഉന്നയിച്ചതോടെയാണ്, ഘട്ടം ഘട്ടമായി മന്ത്രി സഭാ വികസനം നടപ്പാക്കാനുള്ള തീരുമാനം.