ഒരിക്കൽ പോലും കണ്ടിട്ടും കേട്ടിട്ടും ഇല്ലാത്ത ആളുകളെ നമ്മൾ സോഷ്യൽ മീഡിയയിലൂടെ പരിചയപ്പെട്ടിട്ടുണ്ട്. പ്രചോദനാത്മകമാകുന്ന, പ്രതീക്ഷ നൽകുന്ന നിരവധി സംഭവങ്ങളും നമ്മൾ ഇതിലൂടെ അടുത്തറിഞ്ഞിട്ടുണ്ട്. ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത് ഹൃദയ സ്പർശിയായ ഒരു സംഭവമാണ്. സൈക്കിളിൽ ഭക്ഷണം ഡെലിവറി ചെയുന്ന യുവാവിന് സമ്മാനമായി ബൈക്ക് നൽകിയിരിക്കുകയാണ് മധ്യപ്രദേശിലെ പൊലീസ് ഉദ്യോഗസ്ഥർ. മധ്യപ്രദേശിലെ ഇന്ദോറിലെ വിജയ്‌നഗര്‍ പൊലീസ് സ്‌റ്റേഷനിലെ ഉദ്യോഗസ്ഥരാണ് സൈക്കിളില്‍ ഭക്ഷണവിതരണം നടത്തിയിരുന്ന യുവാവിന് സമ്മാനമായി ബൈക്ക് നൽകിയത്.
രാത്രിക്കാല പട്രോളിങ്ങിനിടെയാണ് സൈക്കിളില്‍ ഭക്ഷണവിതരണം നടത്തുന്ന യുവാവ് പൊലീസുകാരുടെ ശ്രദ്ധയിൽപെടുന്നത്. പൊലീസുകാർ കാരണം അന്വേഷിച്ചപ്പോഴാണ് സാമ്പത്തിക ബുദ്ധിമുട്ട് കാരണം ബൈക്ക് വാങ്ങാൻ പണമില്ല എന്നും അതുകൊണ്ടാണ് സൈക്കിളിൽ ഡെലിവറി ചെയ്തതെന്നും യുവാവ് മറുപടി നൽകി. സൈക്കിളിൽ ആയതുകൊണ്ട് തന്നെ അതികം ഡെലിവറി നടത്താനും സാധിക്കാറില്ല. ആറു മുതല്‍ എട്ടു പാഴ്‌സല്‍ വരെ മാത്രമാണ് സൈക്കിളിൽ വിതരണം ചെയ്യാൻ സാധിച്ചിരുന്നത്.
യുവാവിന്റെ കഥ കേട്ട പൊലീസ് ഉദ്യോഗസ്ഥരാണ് ബൈക്ക് സമ്മാനമായി നൽകിയത്. വിജയ് നഗർ എസ്.എച്ച്.ഒ തെഹ്‌സീബ് ക്വാസിയുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥർ യുവാവിനെ സഹായിക്കുകയായിരുന്നു. ഡൗണ്‍ പേയ്‌മെന്റായി 32,000 രൂപയും ആദ്യ ഇന്‍സ്റ്റാള്‍മെന്റും കൊടുത്തു. ബാക്കിയുള്ള അടവ് സ്വന്തം നിലയ്ക്ക് അടച്ചുകൊള്ളാമെന്ന് യുവാവ് സമ്മതിച്ചിട്ടുണ്ട്. യുവാവിന് എന്തെങ്കിലും ബുദ്ധിമുട്ട് നേരിടുകയാണെങ്കില്‍ സഹായിക്കാന്‍ തയ്യാറാണെന്നും പൊലീസ് ഉദ്യോഗസ്ഥർ അറിയിച്ചു. പൊലീസുകാരുടെ ഈ പ്രവൃത്തിയെ അഭിനന്ദിച്ച് നിരവധി പേരാണ് രംഗത്തെത്തിയത്. യുവാവ് തന്നെ സഹായിച്ച പൊലീസ് ഉദ്യോഗസ്ഥർക്ക് നന്ദിയും അറിയിച്ചു.