National

കമ്യൂണിസ്റ്റ് പുനരേകീകരണം തക്കസമയത്ത് ചര്‍ച്ച ചെയ്യും; ഡി.രാജയ്ക്ക് മറുപടിയുമായി എം.എ ബേബി

സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജ മുന്നോട്ടുവച്ച പുനരേകീകരണ നിര്‍ദേശത്തില്‍ പ്രതികരണവുമായി എംഎ ബേബി. കമ്യൂണിസ്റ്റ് പുനരേകീകണം സിപിഐഎം അജണ്ടയിലില്ലെന്ന് എം എ ബേബി ട്വന്റിഫോറിനോട് പ്രതികരിച്ചു. പുനരേകീകരണം വേണ്ടിവന്നാല്‍ തക്ക സമയത്ത് പാര്‍ട്ടി അക്കാര്യം ചര്‍ച്ച ചെയ്യും. പാര്‍ട്ടിക്കുള്ളില്‍ കൂടുതല്‍ ചര്‍ച്ചകള്‍ ആവശ്യമാണ്. മാധ്യമങ്ങളിലൂടെ ചര്‍ച്ച ചെയ്യാന്‍ കഴിയില്ലെന്നും എംഎ ബേബി പ്രതികരിച്ചു.

പുനരേകീകരണം കൊണ്ട് സിപിഐ എന്താണ് ഉദ്ദേശിക്കുന്നതെന്ന് വ്യക്തമാക്കണം എന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സിപിഐഎമ്മും സിപിഐയും ഒറ്റ സഖാക്കളെ പോലെ പെരുമാറുന്ന പാര്‍ട്ടിയാണ്, രണ്ട് പാര്‍ട്ടികളും തമ്മിലുള്ള ബന്ധം ദൃഡമാണ്, അത് കൂടുതല്‍ ദൃഡമാകുകയാണ് വേണ്ടതെന്നും എംഎ ബേബി പറഞ്ഞു.

പുനരേകീകരണമെന്നത് കാലങ്ങളായി തങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിഷയമാണെന്നും ഈ പാര്‍ട്ടി കോണ്‍ഗ്രസില്‍ അക്കാര്യം പരിഗണിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഡി രാജ ഇന്നലെ പറഞ്ഞിരുന്നു. പാര്‍ട്ടി കോണ്‍ഗ്രസിന് തുടക്കമിട്ടിരിക്കുന്ന കണ്ണൂരിലെത്തിയപ്പോഴായിരുന്നു ഡി രാജയുടെ പ്രതികരണം.

പുനരേകീകരണത്തെ തള്ളിക്കളയാത്ത എംഎ ബേബി, അക്കാര്യം ഉടന്‍ അജണ്ടയില്‍ എടുക്കേണ്ട വിഷയമല്ലെന്ന് പറഞ്ഞു. ഇരുപാര്‍ട്ടികളുടെയും നേതൃത്വങ്ങള്‍ തമ്മില്‍ ആദ്യഘട്ടത്തില്‍ ചര്‍ച്ചകള്‍ നടത്തണം. മാധ്യമങ്ങളിലൂടെയുള്ള പരസ്യമായ ചര്‍ച്ചകളുണ്ടാകില്ല എന്നും വ്യക്തമാക്കി.