National

കാപ്പന്‍ ജയില്‍ മോചിതനാകില്ല; കുരുക്കായത് ഇ.ഡി കേസ്

മാധ്യമപ്രവര്‍ത്തകന്‍ സിദ്ദിഖ് കാപ്പന്റെ ജയില്‍ മോചനം വൈകുന്നു. ജാമ്യം ലഭിച്ചെങ്കിലും കാപ്പന് ജയില്‍ മോചിതനാകാന്‍ കഴിയില്ല. സിദ്ദിഖ് കാപ്പനെതിരെ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് രജിസ്റ്റര്‍ ചെയ്ത കേസില്‍ ജാമ്യം നേരത്തേ പരിഗണിക്കണമെന്ന കാപ്പന്റെ ആവശ്യം ലഖ്നൗ കോടതി അംഗീകരിച്ചില്ല. ഇതോടെയാണ് ജയില്‍ മോചനത്തിനുള്ള സാധ്യത വൈകുന്നത്.

ഈ മാസം 19നാണ് സിദ്ദിഖ് കാപ്പന്റെ ഇഡി കേസിലെ ജാമ്യപേക്ഷ ലഖ്‌നൗ കോടതി പരിഗണിക്കുന്നത്. ജാമ്യാപേക്ഷ നേരത്തെയാക്കുന്നതിനെ അന്വേഷണ ഏജന്‍സി എതിര്‍ക്കുകയായിരുന്നു.

രണ്ടു വര്‍ഷത്തോളം നീണ്ട നിയമപോരാട്ടത്തിനൊടുവിലാണ് മാധ്യമ പ്രവര്‍ത്തകനും പത്രപ്രവര്‍ത്തക യൂണിയന്‍ ഡല്‍ഹി ഘടകം മുന്‍സെക്രട്ടറിയുമായ സിദ്ദിഖ് കാപ്പന് സുപ്രിംകോടതി ജാമ്യം അനുവദിച്ചത്.

ജോലി സംബന്ധമായ ആവശ്യത്തിനായി ഹത്രസിലേക്കുള്ള യാത്രക്കിടെയാണ് സിദ്ദിഖ് കാപ്പനെ ഉത്തര്‍പ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്. സുപ്രിം കോടതി ഉപാധികളോടെയാണ് ജാമ്യമനുവദിച്ചത്. ജാമ്യം കിട്ടിയെങ്കിലും കാപ്പന്‍ ആറാഴ്ച ഡല്‍ഹിയില്‍ തുടരണമെന്നാണ് കോടതി ഉത്തരവ്.

ഡല്‍ഹി ജംഗ്പുരയുടെ അധികാര പരിധിയിലാണ് കാപ്പന്‍ തുടരേണ്ടത്. വിചാരണ കോടതിയുടെ അനുമതിയില്ലാതെ ഡല്‍ഹി വിട്ടുപോകാന്‍ പാടില്ല. ആറാഴ്ചയ്ക്ക് ശേഷം കാപ്പന് ഡല്‍ഹി വിടാമെന്നും സുപ്രിം കോടതി പറഞ്ഞു. കേരളത്തിലെത്തിയാലും എല്ലാ തിങ്കളാഴ്ചയും സ്റ്റേഷനിലെത്തി ഒപ്പുവെക്കണം. അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുന്നില്‍ പാസ്‌പോര്‍ട്ട് സമര്‍പ്പിക്കണമെന്നും കോടതി പറഞ്ഞു.