National

സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം കാണാം; ഓണ്‍ലൈന്‍ സംവിധാനം വരുന്നു

സുപ്രിംകോടതി ഭരണഘടനാ ബെഞ്ച് നടപടികള്‍ തത്സമയം ഓണ്‍ലൈനില്‍ ലഭ്യമാകാനൊരുങ്ങുന്നു. ഈ മാസം 27 മുതല്‍ ലൈവ്‌സ്ട്രീം സംവിധാനമുണ്ടാകും. ചീഫ് ജസ്റ്റിസ് യു യു ലളിത് വിളിച്ചുചേര്‍ത്ത ജഡ്ജിമാരുടെ സമ്പൂര്‍ണ യോഗത്തിലാണ് ഏകകണ്ഠ തീരുമാനം.

യൂട്യൂബ് ചാനല്‍ വഴിയാകും ആദ്യം കോടതി നടപടികള്‍ തത്സമയം കാണിക്കുക. ഇതിനു ശേഷം വൈകാതെ തന്നെ സ്വന്തമായി പ്ലാറ്റ്‌ഫോം വികസിപ്പിക്കും. ഇതുവഴിയാകും ശേഷം സംപ്രേക്ഷണം.

നിലവില്‍ സാമ്പത്തികമായി പിന്നാക്കം നില്‍ക്കുന്ന വിഭാഗങ്ങള്‍ക്കുള്ള സംവരണമുള്‍പ്പെടെയുള്ള സുപ്രധാന കേസുകളാണ് സുപ്രിംകോടതിയുടെ പരിഗണനയിലുള്ളത്. ബോറ സമുദായത്തിന്റെ അവകാശം, ഭോപ്പാല്‍ വാതക ദുരന്തത്തിലെ നഷ്ടപരിഹാരം, അഖിലേന്ത്യാ ബാര്‍ പരീക്ഷാ കേസ്, തുടങ്ങിയവയാണ് നിലവില്‍ പരിഗണിക്കുന്ന കേസുകളില്‍ ചിലത്.