HEAD LINES National

2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള സമയപരിധി ഇന്ന് അവസാനിക്കും

2000 രൂപയുടെ നോട്ടുകള്‍ മാറുന്നതിനുള്ള റിസര്‍വ് ബാങ്ക് അനുവദിച്ച സമയപരിധി ഇന്ന് അവസാനിക്കും. ഒക്ടോബര്‍ ഒന്നു മുതല്‍ 2000 രൂപ നോട്ടുകള്‍ മൂല്യം ഇല്ലാതാകും. കഴിഞ്ഞ മേയിലാണ് 2000 രൂപ നോട്ടുകള്‍ പിന്‍വലിക്കാന്‍ റിസര്‍വ് ബാങ്ക് തീരുമാനിച്ചത്. 93 ശതമാനം നോട്ടുകളും തിരിച്ചെത്തിയതായി ആര്‍ബിഐ അറിയിച്ചിരുന്നു.(Last Date To Exchange ₹ 2,000 Note Is September 30)

മേയ് 19 മുതല്‍ 2000 രൂപയുടെ നോട്ടുകള്‍ ക്രയവിക്രയം നടത്തുന്നതില്‍ റിസര്‍വ് ബാങ്ക് നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. സെപ്റ്റംബര്‍ 30(ഇന്ന്) വരെ 20,000 രൂപ വരെയുള്ള രണ്ടായിരത്തിന്റെ നോട്ടുകള്‍ ഒരേസമയം മാറാന്‍ അവസരം ഉണ്ട്. 2016ല്‍ നോട്ടുനിരോധനത്തിന് പിന്നാലെയാണ് 2000ന്റെ നോട്ട് ആര്‍ബിഐ എത്തിച്ചിരുന്നത്.

2018-19 കാലയളവില്‍ 2000 നോട്ട് അച്ചടിക്കുന്നത് ആര്‍ബിഐ നിര്‍ത്തിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് 2000ന്റെ നോട്ട് ക്രയവിക്രയം നടത്തുന്നതില്‍ നിയന്ത്രണം ഏര്‍പ്പെടുത്തുകയും പിന്‍വലിക്കുകയും ചെയ്തത്. ആര്‍ബിഐയുടെ റീജിയനല്‍ ഓഫിസുകളില്‍ നിന്നോ ബാങ്കുകളില്‍ നിന്നോ 2000ന്റെ നോട്ട് മാറ്റാവുന്നതാണ്. ആളുകള്‍ക്ക് അവര്‍ക്ക് അക്കൗണ്ടുള്ള ബാങ്കില്‍ 2000 രൂപയുടെ നോട്ടുകള്‍ നിക്ഷേപിക്കാം. 2000 രൂപ നോട്ടുകള്‍ക്ക് നിക്ഷേപ പരിധിയില്ല. എന്നാല്‍ കെവൈസി, മറ്റു ക്യാഷ് ഡെപ്പോസിറ്റ് മാനദണ്ഡങ്ങള്‍ ബാധകമായിരിക്കും.