National

കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും

കേരള അഡ്മിനിസ്ട്രേറ്റീവ് സ൪വീസിലെ ഇരട്ട സംവരണം ചോദ്യം ചെയ്ത ഹർജികൾ സുപ്രിംകോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ഡി.വൈ. ചന്ദ്രചൂഡ് അധ്യക്ഷനായ ബെഞ്ചാണ് വാദം കേൾക്കുന്നത്. സർക്കാർ സർവീസിലുള്ളവർക്ക് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ സംവരണം ഏർപ്പെടുത്തിയ സംസ്ഥാന സർക്കാർ നടപടിയെയാണ് ഹർജിക്കാർ ചോദ്യം ചെയ്യുന്നത്. ഇരട്ടസംവരണം ഭരണഘടനാ വിരുദ്ധമാണെന്ന് ആരോപിച്ച് മുന്നോക്ക സമുദായ ഐക്യമുന്നണി, സമസ്ത നായർ സമാജം സംഘടനകൾ അടക്കമാണ് സുപ്രിംകോടതിയെ സമീപിച്ചത്.

സർക്കാർ സർവീസിലുള്ളവർക്ക് സ്ഥാനക്കയറ്റത്തിലൂടെയല്ല, പ്രത്യേക പരീക്ഷയിലൂടെയാണ് കേരള അഡ്മിനിസ്ട്രേറ്റീവ് സർവീസിൽ നിയമനം നൽകുന്നതെന്നാണ് സംസ്ഥാന സർക്കാർ നിലപാട്. ഇരട്ട സംവരണം ഏർപ്പെടുത്തിയ സർക്കാർ നടപടി ഹൈക്കോടതി ശരിവച്ചിരുന്നു. സർവീസ് ചട്ടങ്ങൾ ഭേദഗതി ചെയ്യാൻ സർക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി നിലപാടെടുത്തു.