National

കർണാടകയിൽ ഐഎഎസ് ഐപിഎസ് പോര്; സ്വകാര്യചിത്രങ്ങൾ പുറത്തുവിട്ട് വനിതാ ഉദ്യോഗസ്ഥർ

കർണാടകയിൽ ഐഎഎസ് ഐപിഎസ് വനിതാ ഉദ്യോഗസ്ഥരുടെ അതിരുവിട്ട പോര്. ഐഎഎസ് ഓഫീസർ രോഹിണി സിന്ദൂരിയും ഐപിഎസ് ഓഫീസർ ഡി രൂപയും തമ്മിലാണ് പോര്. ദേവസ്വം കമ്മിഷണറും ഐഎഎസ് ഉദ്യോഗസ്ഥയുമായ രോഹിണി സിന്ധൂരിയുടെ സ്വകാര്യചിത്രങ്ങൾ ഐപിഎസ് ഓഫിസറും കർണാടക കരകൗശല വികസന കോർപറേഷൻ എംഡിയുമായ ഡി.രൂപ ഫെയ്സ്ബുക്കിലൂടെയാണ് പുറത്തുവിട്ടത്.

രോഹിണി പുരുഷ ഐഎഎസ് ഓഫിസർമാർക്ക് അയച്ച ചിത്രങ്ങളാണെന്നാണ് രൂപയുടെ അവകാശവാദം. തന്റെ വാട്സാപ് സ്റ്റാറ്റസിൽ നിന്നും മറ്റും ശേഖരിച്ച ചിത്രങ്ങളാണു വ്യക്തിഹത്യ ചെയ്യാൻ രൂപ പോസ്റ്റ് ചെയ്തതെന്നും നിയമനടപടി സ്വീകരിക്കുമെന്നും രോഹിണി പറഞ്ഞു.

കൊവിഡ് കാലത്ത് ചാമരാജ്പേട്ട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ ഓക്സിജൻ കിട്ടാതെ 24 പേർ മരിക്കാനിടയായ സംഭവത്തിൽ, മൈസൂരു കളക്ടറെന്ന നിലയിൽ ഓക്സിജൻ സിലിണ്ടറുകൾ എത്തിക്കുന്നതിൽ രോഹിണി കൃത്യവിലോപം കാട്ടിയെന്നും രൂപ ആരോപിക്കുന്നു. മുൻപ് വി കെ ശശികലയ്ക്ക് പരപ്പന അഗ്രഹാര ജയിലിൽ വിഐപി പരി​ഗണന ലഭിക്കുന്നുവെന്ന് അന്വേഷണ റിപ്പോർട്ട് നൽകി വാർത്തകളിൽ ഇടം നേടിയ ആളാണ് ഡി രൂപ. തനിക്കെതിരെയുള്ള ആരോപണങ്ങളിൽ നിയമ നടപടി സ്വീകരിക്കുമെന്നും രോഹിണി സിന്ദൂരി വ്യക്തമാക്കി.