National

കര്‍ണാടകയില്‍ ഈ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്ന പ്രതീക്ഷയില്‍ കോണ്‍ഗ്രസ്; അവസാനഘട്ട വിലയിരുത്തലുകള്‍ ഇങ്ങനെ

കര്‍ണ്ണാടക നിയമസഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്തെ മൂന്ന് മേഖലകള്‍ ഭാഗ്യം കൊണ്ടുവരുമെന്നാണ് കോണ്‍ഗ്രസിന്റെ കണക്കുകൂട്ടല്‍. ഓള്‍ഡ് മൈസൂരു, മധ്യ കര്‍ണ്ണാടക, ഹൈദ്രാബാദ് കര്‍ണ്ണാടക എന്നിവിടങ്ങളിലാണ് കോണ്‍ഗ്രസ് പ്രതീക്ഷ വയ്ക്കുന്നത്. ബിജെപി, ജെഡിഎസ് ശക്തികേന്ദ്രങ്ങളാണ് ഇതില്‍ രണ്ടെണ്ണം. 

ലിംഗായത്ത് സമുദായവും മഠങ്ങളും കാര്യങ്ങള്‍ തീരുമാനിക്കുന്ന മധ്യകര്‍ണ്ണാടകത്തില്‍ യദ്യൂരപ്പയായിരുന്നു ബിജെപി മുഖം. ഇത്തവണ യദ്യൂരപ്പ മത്സരിക്കാത്തതും ബസവരാജ് ബൊമ്മെ പ്രതീക്ഷയ്‌ക്കൊത്ത് ഉയരാത്തതും ലിംഗായത്തുകള്‍ പൂര്‍ണ്ണമായും ബിജെപിയില്‍ കേന്ദ്രീകരിക്കുന്നത് തടയും. ബിജെപി ജയിച്ചാലും ലിംഗായത്ത് മുഖ്യമന്ത്രിക്ക് പകരം ബ്രാഹ്മണ മുഖം പ്രള്‍ഹാദ് ജോഷിക്ക് സാധ്യതയുണ്ടെന്നതും വോട്ടു ചോര്‍ച്ചയ്ക്ക് ആക്കം കൂട്ടും. ഒപ്പം ഷെട്ടാര്‍, ലക്ഷ്മണ്‍ സാവഡി എന്നിവര്‍ കോണ്‍ഗ്രസിനനുകൂലമായി ലിംഗായത്തിലെ ഒരു വിഭാഗത്തെ അടര്‍ത്തിയെടുത്തതും നിര്‍ണ്ണായകമാണ്.

ഹൈദ്രാബാദ് കര്‍ണ്ണാടകയില്‍ 17.5 ശതമാനത്തോളം വരുന്ന ദളിത് വോട്ടുകളിലാണ് കോണ്‍ഗ്രസിന്റെ പ്രതീക്ഷ. കോണ്‍ഗ്‌സ് ദേശീയാദ്ധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖാര്‍ഗ്ഗെ ഈ മേഖലയില്‍ നിന്നുള്ള ഹൊലേയ വിഭാഗത്തിലെ നേതാവാണ്. ഒപ്പം മുന്‍ ബിജെപി നേതാവും ഖനി രാജാവുമായ ജനാര്‍ദ്ദന റെഡ്ഡിയുടെ പാര്‍ട്ടി ചോര്‍ത്തുന്ന ബിജെപി വോട്ടുകളും മേഖലയില്‍ കോണ്‍ഗ്രസിന് നിര്‍ണ്ണായകം. വൊക്കലിഗ ബെല്‍റ്റായ ഓള്‍ഡ് മൈസൂരു മേഖലയില്‍ വൊക്കലിഗ വിഭാഗക്കാരനായ ഡി.കെ.ശിവകുമാറിന്റെ സാന്നിദ്ധ്യം, മേഖലയില്‍ നിന്നും മത്സരിക്കുന്ന സിദ്ധരാമയ്യയുടെ സോഷ്യല്‍ എഞ്ചിനീയറിംഗ് എന്നിവ സുപ്രധാനമാണ്. ഒപ്പം ആര്‍എസ്എസിനെ നേരിടാന്‍ ജെഡിഎസിനേക്കാള്‍ കോണ്‍ഗ്രസിന് കഴിയുമെന്ന് മുസ്ലിം വിഭാഗം കൂടി തീരുമാനിച്ചാല്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ ക്ലീന്‍ സ്വീപ് കാണാം.