National

കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ്റെ കാരണം കാണിക്കൽ നോട്ടീസ്

മുതിർന്ന അഭിഭാഷകരായ കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് ബാർ അസോസിയേഷൻ കാരണം കാണിക്കൽ നോട്ടീസ് അയച്ചു. സുപ്രിംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡും ബാർ അസോസിയേഷൻ പ്രസിഡൻറും തമ്മിലുണ്ടായ വാക്കുതർക്കത്തിൽ ചീഫ് ജസ്റ്റിസിനോട് ഖേദം പ്രകടിപ്പിച്ചതിനാണ് നടപടി.

ബാർ അസോസിയേഷന് ഭൂമി അനുവദിക്കുന്നതുമായി ബന്ധപ്പെട്ട ഹരജി ലിസ്റ്റ് ചെയ്യുന്നത് സംബന്ധിച്ച് മാർച്ച് രണ്ടിനാണ് ചീഫ് ജസ്റ്റിസും എസ്.സി.ബി.എ പ്രസിഡൻറ് വികാസ് സിങ്ങും തമ്മിൽ അഭിപ്രായ വ്യത്യാസമുണ്ടായത്. മാർച്ച് ആറിന് ചേർന്ന ബാർ അസോസിയേഷൻ എക്‌സിക്യൂട്ടിവ് യോഗത്തിൽ ആണ് കപിൽ സിബൽ, നീരജ് കിഷൻ കൗൾ എന്നിവർക്ക് കാരണം കാണിക്കൽ നോട്ടീസ് അയക്കാൻ തീരുമാനിച്ചത്. ചീഫ് ജസ്റ്റിസുമായുള്ള തർക്കത്തിൽ പ്രസിഡൻറ് വികാസ് സിങ്ങിന് പൂർണ ഐക്യദാർഢ്യം പ്രഖ്യാപിക്കുന്നതായി യോഗം പ്രഖ്യാപിച്ചു. അസോസിയേഷൻ എടുത്ത നിലപാടിനെ തരംതാഴ്ത്തുന്നതിനു വേണ്ടി മുതിർന്ന അഭിഭാഷകർ നടത്തിയ പരാമർശങ്ങളെ അപലപിക്കുന്നു. അത്തരം അംഗങ്ങൾക്കെതിരെ നടപടി സ്വീകരിക്കുമെന്നും എസ്.സി.ബി.എ വ്യക്തമാക്കി.