National

ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിത; കൽപനാ ചൗള ഓർമയായിട്ട് 20 വർഷം

ബഹിരാകാശ സഞ്ചാരം നടത്തിയ ആദ്യ ഇന്ത്യൻ വംശജയായ കൽപന ചൗള ഓർമയായിട്ട് 20 വർഷം. 2003 ഫെബ്രുവരി ഒന്നിലെ കൊളംബിയ ബഹിരാകാശ വാഹന ദുരന്തത്തിലാണ് കൽപന മരണമടഞ്ഞത്.

2003 ഫെബ്രുവരി ഒന്ന്. രാവിലെ ഒൻപത് മണിയോടെ നടുക്കുന്ന വാർത്തയെത്തി. എസ് ടി എസ് 107 കൊളംബിയ തകർന്നുവീണു . കൽപന ചൌളയുൾപ്പെടെ ഏഴ് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. പതിനേഴ് ദിവസം നീണ്ടുനിന്ന യാത്രക്ക് ശേഷം ഫ്‌ളോറിഡയിലെ കെന്നഡി സ്‌പേസ് സെന്ററിൽ തിരിച്ചിറങ്ങാൻ മിനിട്ടുകൾ ബാക്കിയുള്ളപ്പോളാണ് ദുരന്തമെത്തിയത്. വാഹനത്തിന്റെ ഇന്ധനടാങ്കിനെ പൊതിഞ്ഞ പാളിയിൽ നിന്ന് ഒരു ചെറിയ കഷണം അടർന്നുതെറിച്ച് ഇടത്തേ ചിറകിൽ വന്നിടിച്ചതാണ് ദുരന്തത്തിന് കാരണമായത്. ചരിത്രം കുറിച്ച ബഹിരാകാശയാത്രയുടെ അവസാനം.

ആകാശകൗതുകങ്ങളോടുള്ള അടങ്ങാത്ത ആവേശമാണ് മറ്റാരും തിരഞ്ഞെടുക്കാത്ത വഴിയിലൂടെ സഞ്ചരിക്കാൻ കൽപനയെ പ്രേരിപ്പിച്ചത് .ഹരിയാനയിലെ കർണാലിൽ ജനിച്ച കല്പന ചൗള പഞ്ചാബ് എൻജിനീയറിങ് കോളജിൽ നിന്നാണ് ബിരുദം നേടിയത്. തുടർന്ന് കല്പന എൺപതുകളിൽ അമേരിക്കൻ പൗരത്വം നേടി. 1988ൽ കൊളറാഡോ സർവകലാശാലയിൽ നിന്ന് എയ്‌റോസ്‌പേസ് എൻജിനീയറിങ്ങിൽ പിഎച്ച്ഡി. 1994ലാണ് ബഹിരാകാശയാത്രികയ്ക്കുള്ള പരിശീലനം ലഭിച്ചത്. 1997ൽ അന്നത്തെ ഒരു കൊളംബിയ ദൗത്യത്തിൽ ആദ്യമായി ബഹിരാകാശ യാത്ര ചെയ്തു. അങ്ങനെ ബഹിരാകാശത്തെത്തുന്ന ആദ്യ ഇന്ത്യൻ വനിതയായി.

കൽപന ചൗളയുടെ ബഹിരാകാശത്തേക്കുള്ള രണ്ടാമത്തെയും അവസാനത്തെയും യാത്ര എസ്ടിഎസ് 107ലായിരുന്നു. ബഹിരാകാശത്തിൽ അനുഭവപ്പെടുന്ന ഭാരമില്ലായ്മയെ പറ്റിയുള്ള ഗവേഷണമായിരുന്നു അവരുടെ ദൗത്യം. ബഹിരാകാശഗവേഷകരുടെ സുരക്ഷ ഉറപ്പുവരുത്തുന്നതിനായി നടത്തിയ പഠനമാണ്
ദുരന്തത്തിൽ കലാശിച്ചത്.

കൊളംബിയ ദുരന്തത്തിന് ശേഷം ഒട്ടേറെ മരണാനന്തര ബഹുമതികൾ കല്പനയെ തേടിയെത്തി. കല്പന ചൗളയോടുള്ള ആദരസൂചകമായി ഒരു ബഹിരാകാശ വാഹനത്തിന് നാസ അവരുടെ പേര് നൽകി. . ഒരിക്കൽ ചന്ദ്രനിൽ കാലുകുത്തണമെന്ന് കൽപന സ്വപ്നം കണ്ടിരുന്നു. എന്നാൽ നാൽപതാം വയസ്സിൽ കൊളംബിയ ദുരന്തത്തിൽ ആ ആകാശസ്വപ്നം പൊലിഞ്ഞു. കൽപനയുടെ വിയോഗത്തിന് രണ്ട് പതിറ്റാണ്ട് പിന്നിടുമ്പോഴും ആ ശക്തിയും ധൈര്യം പുതുതലമുറക്ക് ഊർജം പകരുന്നു.