National

”ആസിഡൊഴിക്കും, ബലാത്സംഗം ചെയ്യും, കൊന്നുകളയും”നിരന്തരം ഭീഷണിയെന്ന് മാധ്യമപ്രവർത്തക നേഹ ദീക്ഷിത്

മാസങ്ങളായി തന്നെ ഒരാൾ പിന്തുടരുകയും ഭീഷണിപ്പെടുത്തുകയും ചെയ്യുന്നുവെന്ന് പ്രമുഖ മാധ്യമപ്രവർത്തക നേഹ ദീക്ഷിത്. ട്വിറ്ററിലൂടെയാണ് നേഹ ദീക്ഷിത് ഇക്കാര്യം വെളിപ്പെടുത്തിയത്. ”കഴിഞ്ഞ വർഷം സെപ്റ്റംബർ മുതൽ ഒരാൾ എന്നെ സ്ഥിരമായി പിന്തുടരുന്നുണ്ട്. ഞാൻ എവിടെയൊക്കെ പോകുന്നു എന്നത് സംബന്ധിച്ച കൃത്യമായ വിവരങ്ങൾ അയാൾ ശേഖരിക്കുന്നു. പല പ്രാവശ്യം എന്നെ ഭീഷണിപ്പെടുത്താൻ ശ്രമിച്ചു. എന്നെ ബലാത്സംഗം ചെയ്യും, ആസിഡ് ഉപയോഗിച്ച് ആക്രമിക്കും, കൊല ചെയ്യും തുടങ്ങിയ രീതിയിലൊക്കെ ഭീഷണിപ്പെടുത്താൻ ശ്രമിക്കുന്നുണ്ട്. ഇതെന്റെ തൊഴിലുമായി ബന്ധപ്പെട്ടുള്ളതാണെന്നത് വളരെ വ്യക്തമാണ്.” നേഹ ട്വിറ്ററിൽ കുറിച്ചു.

”വ്യത്യസ്ത നമ്പറുകളിൽ നിന്നായി നാലിലധികം വ്യക്തികളാണ് ഭീഷണിപ്പെടുത്താൻ ഫോണിലൂടെ ബന്ധപ്പെട്ടത്. എന്റെ പങ്കാളി നകുലിനെ കുറിച്ചും അവർ പലപ്രാവശ്യം പരാമർശിച്ചു. ഇതിനു പുറമെ, ഇക്കഴിഞ്ഞ ജനുവരി 25ന് രാത്രി ഏകദേശം 9 മണിയോടെ ഒരാൾ ഞങ്ങളുടെ വീട്ടിൽ അതിക്രമിച്ച് കയറാൻ ശ്രമിച്ചു. ഞാൻ ഒച്ചവെച്ച് വാതിൽ തുറക്കാൻ ശ്രമിച്ചതോടെ അയാൾ പുറത്തേക്ക് ഓടുകയായിരുന്നു.” നേഹ ട്വിറ്ററിൽ പങ്കുവെച്ച കത്തിൽ പറയുന്നു.

മാധ്യമപ്രവർത്തകരും, കലാകാരന്മാരും, സിനിമ നിർമാതാക്കളും, ആക്ടിവിസ്റ്റുകളും, അക്കാഡമീഷ്യന്മാരും അവരുടെ ജോലി ചെയ്യുന്നതിന് വ്യത്യസ്ത അതിക്രമണങ്ങൾ നേരിടുന്നു, കൊല്ലപ്പെടുന്നു. ഓൺലൈൻ ലോകത്തിനപ്പുറം നടക്കുന്ന അതിക്രമങ്ങളിലേക്കും കൂടി ശ്രദ്ധ കൊടുക്കേണ്ടിയിരിക്കുന്നു. ഇത് തന്നെക്കുറിച്ച് മാത്രമല്ലെന്നും, മാധ്യമ പ്രവർത്തകർക്കെതിരെ ലോകത്തുടനീളം നടക്കുന്ന അതിക്രമങ്ങളെ പ്രതിരോധിക്കുന്നതിൽ തന്റെ പ്രതികരണം ഒരു മുതൽക്കൂട്ടാകട്ടെയെന്നും നേഹ ദീക്ഷിത്ത് കൂട്ടിച്ചേർത്തു.

രാഷ്ട്രീയ, സാമൂഹിക, ജെൻഡർ വിഷയങ്ങളിൽ ഒരു ദശകത്തിലധികമായി ഇന്ത്യൻ മാധ്യമമേഖലയിൽ സജീവമായി ഇടപെടുന്ന മാധ്യമപ്രവർത്തകയാണ് നേഹ ദീക്ഷിത്ത്. ‘തെഹെൽക’യിൽ അന്വേഷണാത്മക പത്രപ്രവർത്തക ആയാണ് നേഹയുടെ കരിയർ തുടങ്ങുന്നത്. 2013 മുതൽ അൽ ജസീറ, ഔട്ട്ലുക്ക്, കാരവൻ, ന്യൂയോർക് ടൈംസ് തുടങ്ങിയ പ്രഗത്ഭ മാധ്യമങ്ങളിൽ സ്വതന്ത്ര ജേർണലിസ്റ്റ് ആയി സേവനമനുഷ്ഠിക്കുകയാണ് ഇവർ. ”മുസഫർ നഗർ ബാക്കി ഹെ” പോലുള്ള ശ്രദ്ധേയമായ ഡോക്യുമെന്ററി സിനിമകളുടെ നിർമ്മാതാവാണ് നേഹയുടെ പങ്കാളി നകുൽ സിങ് സാവ്‌നെയ്.