ജമ്മു വ്യോമകേന്ദ്രത്തിലെ ഭീകരാക്രമണത്തിന് പിന്നിൽ ലഷ്‌ക്കർ-ഇ -തോയ്ബയുടെ ഇടപെടലെന്ന് കണ്ടെത്തൽ. പാക് ചാര സംഘടനയായ ഐഎസ്ഐ, ലഷ്‌കർ-ഇ-തൗബയെ ഉപയോഗിച്ചു നടപ്പാക്കിയ ഭീകരക്രമണമാണ് ജമ്മു വ്യോമ കേന്ദ്രത്തിന് നേരെയുണ്ടായയെന്നാണ് എൻ ഐ എ യുടെ പ്രാഥമിക നിഗമനം.
വ്യക്തമായി ആസൂത്രണം ചെയ്തു നടപ്പാക്കിയ ആക്രമണത്തിന് ഉപയോഗിച്ചത് മരുന്നുകൾ കൊണ്ടുപോകാൻ ഉപയോഗിക്കുന്ന അത്യാധുനിക ചൈനീസ് നിർമ്മിത ഡ്രോണുകളാണെന്നും വ്യക്തമായിട്ടുണ്ട്. ആക്രമണത്തിന് ശേഷം ഡ്രോണുകൾ അതിർത്തി കടന്നതായാണ് സംശയിക്കുന്നത്. സ്ഫോടക വസ്തുക്കളുടെ സ്വഭാവം സംബന്ധിച്ച് എൻഎസ്ജിയുടെ ബോംബ് സ്വകാഡ് പരിശോധിച്ച് വരികയാണ്.
അതിനിടെ വിമാനത്താവള ഡ്രോൺ ആക്രമണത്തിന് പിന്നാലെ ജമ്മുകശ്മീരിന്റെ പലയിടത്തായി ഡ്രോണുകൾ കണ്ടെത്തി. ഇന്ന് പുലർച്ചെ കലുചക്-കുഞ്ച്വാനി മേഖലകളിലാണ് ഡ്രോണുകൾ കണ്ടെത്തിയത്. ഇന്നലെയും സമാനമായ രീതിയിൽ പലയിടത്തും ഡ്രോണുകൾ കണ്ടെത്തിയിരുന്നു. 2 AK 47 തോക്കുകളും, യുദ്ദോപകരണങ്ങളും കണ്ടെടുത്തതായി കരസേന നോർത്തേണ് കമന്റ് അറിയിച്ചു.
അതേസമയം സുന്ദർബനി നിയന്ത്രണ രേഖക്കു സമീപം ഭീകരരുടെ നുഴഞ്ഞു കയറ്റ ശ്രമം സൈന്യം തകർത്തു.