National

ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും കയ്യേറ്റമൊഴിപ്പിക്കൽ; വിഷയം ഇന്ന് സുപ്രിംകോടതിയിൽ

ഡൽഹിയിലെ ജഹാംഗീർപുരിയിലെയും, ഷഹീൻ ബാഗിലെയും അടക്കം കയ്യേറ്റമൊഴിപ്പിക്കൽ വിഷയം ഇന്ന് സുപ്രിംകോടതിയിൽ. ജസ്റ്റിസ് എൽ. നാഗേശ്വര റാവു അധ്യക്ഷനായ ബെഞ്ചാണ് സിപിഐഎം പൊളിറ്റ് ബ്യൂറോ അംഗം ബൃന്ദ കാരാട്ട് തുടങ്ങിയവർ സമർപ്പിച്ച ഹർജികൾ പരിഗണിക്കുന്നത്.

ബുൾഡോസർ ഉപയോഗിച്ചുള്ള കയ്യേറ്റം ഒഴിപ്പിക്കൽ, ന്യൂനപക്ഷ സമൂഹത്തെ ലക്ഷ്യമിട്ടാണെന്നാണ് സിപിഐഎം നേതാവ് ബൃന്ദ കാരാട്ടിന്റെ വാദം. ഷഹീൻ ബാഗിലെ കയ്യേറ്റമൊഴിപ്പിക്കൽ ഇന്ന് നടക്കുമെന്ന സൂചനകൾക്കിടെ, വിഷയം സിപിഐഎം ഡൽഹി സംസ്ഥാന കമ്മിറ്റി സുപ്രീംകോടതിയുടെ ശ്രദ്ധയിൽപ്പെടുത്തും. നോട്ടിസ് പോലും നൽകാതെയുള്ള സൗത്ത് ഡൽഹി മുനിസിപ്പൽ കോർപറേഷന്റെ ഒഴിപ്പിക്കൽ നടപടികൾ, സ്വാഭാവിക നീതിയുടെ നിഷേധമാണെന്നാണ് സിപിഐഎം ചൂണ്ടിക്കാണിക്കുന്നത്. ഒഴിപ്പിക്കൽ സ്റ്റേ ചെയ്യണമെന്നും ഹർജിയിൽ ആവശ്യമുന്നയിച്ചിട്ടുണ്ട്.

ജഹാംഗീർപുരിയിൽ ഹനുമാൻ ജയന്തി ഘോഷയാത്രയുമായി ബന്ധപ്പെട്ട് സംഘർഷമുണ്ടായതിന് പിന്നാലെ ബുൾഡോസർ ഉപയോഗിച്ച് ഒഴിപ്പിക്കലിന് ശ്രമിച്ചത് വലിയ വിവാദമായിരുന്നു. മേഖലയിൽ തൽസ്ഥിതി തുടരാൻ കഴിഞ്ഞ ഏപ്രിൽ 21ന് സുപ്രീംകോടതി ഉത്തരവിട്ടിരുന്നു.